കൈതപ്പൊയിൽ നോളജ് സിറ്റിക്കടുത്തുള്ള വീട്ടിൽ നിന്ന് പതിനഞ്ച് പവൻ സ്വർണവും ഒരു ലക്ഷം അമ്പതിനായിരം രൂപയും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ചാവക്കാട് വെന്താട്ടിൽ റഫീക്ക് (ചാവക്കാട് റഫീക്ക്) പിടിയിലായി.
കോഴിക്കോട് റൂറൽ എസ്.പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇപ്പോൾ മേപ്പാടി ടൗണിൽ വാടകവീട്ടിൽ താമസിച്ചിരുന്ന പ്രതിയെ കോടഞ്ചേരി പോലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
താമരശ്ശേരി ഡി.വൈ.എസ്.പി പി. അലവിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സമാന രീതിയിലുള്ള മോഷണക്കേസുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്.
പ്രതിയുടെ വാടകവീട്ടിൽ നിന്ന് കവർച്ച ചെയ്ത പത്ത് പവൻ സ്വർണാഭരണങ്ങളും പണവും ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെത്തി. മേപ്പാടിയിലെ ഒരു ജ്വല്ലറിയിൽ വിറ്റഴിച്ച മുപ്പത്തുനാല് ഗ്രാം സ്വർണവും പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ മാസം 28-ന് പുലർച്ചെയാണ് ഗൾഫിലും കോഴിക്കോട്–താമരശ്ശേരി മേഖലകളിലും ട്രാവൽ ഏജൻസി നടത്തുന്ന വേഞ്ചേരി അരിയാർകുന്നത്ത് ഷൈജലിന്റെ വീട്ടിൽ കവർച്ച നടന്നത്. കുടുംബം ഊട്ടിയിലേക്ക് പോയ സമയത്ത് വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ വീട്ടുകാർ മടങ്ങിയെത്തിയപ്പോൾ മുൻവാതിൽ പൊളിച്ച നിലയിൽ കണ്ടെത്തി. റൂമിന്റെ വാതിൽ തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നിരുന്നു.
കവർച്ചയ്ക്ക് ശേഷം സിസിടിവിയുടെ ഹാർഡ് ഡിസ്ക് ഊരിയെടുത്ത് സമീപത്ത് നിർമ്മാണത്തിലിരുന്ന വീട്ടിലെ വെള്ളത്തിൽ എറിഞ്ഞതായി അന്വേഷണത്തിൽ കണ്ടെത്തി.
പ്രതി ബൈക്കിൽ വൈകുന്നേരങ്ങളിൽ അടിവാരം–പുതുപ്പാടി മേഖലകളിൽ കറങ്ങി ആളില്ലാത്ത വീടുകൾ കണ്ടെത്തിയാണ് മോഷണം നടത്തിയിരുന്നത്. മോഷണത്തിന് ഉപയോഗിച്ചിരുന്നത് കവർച്ച ചെയ്ത ബൈക്കുകളാണെന്നും പോലീസ് പറഞ്ഞു.
2017-ൽ മലപ്പുറം, തൃശൂർ ജില്ലകളിൽ നിരവധി വീടുകളിലും വാഹനങ്ങളിലും കവർച്ച നടത്തിയ കേസിൽ പിടിയിലായി ജയിലിൽ കഴിഞ്ഞിരുന്ന പ്രതി, പിന്നീട് മേപ്പാടിയിൽ ഭാര്യവീട്ടിനടുത്ത് വാടകവീടുകളിൽ മാറിമാറി താമസിക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റ്, കച്ചവടം എന്നിവ നടത്തുന്നുവെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞിരുന്നത്.
2024 ഓഗസ്റ്റ് മാസത്തിൽ കൈതപ്പൊയിൽ വെഞ്ചേരിയുള്ള തോട്ടായിക്കുന്നുമ്മൽ അബ്ദുല്ലയുടെ വീട് പൊളിച്ച് മൂന്ന് പവൻ സ്വർണം, 200 ഡോളർ, 7,000 സൗദി റിയാൽ, 2,500 ഈജിപ്ഷ്യൻ പൗണ്ട് എന്നിവ കവർന്നതും ഇയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മറ്റ് ജില്ലകളിലും കൂടുതൽ കവർച്ചകൾ നടത്തിയതായി സംശയമുണ്ട്.
കോടഞ്ചേരി ഇൻസ്പെക്ടർ സന്തോഷ് കളത്തിൽ, എസ്.ഐ കെ.എസ്. ജിതേഷ്, സ്പെഷ്യൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എ.എസ്.ഐ ജയരാജൻ പനങ്ങാട്, സീനിയർ സി.പി.ഒ ജിനീഷ് ബാലുശ്ശേരി, എ.എസ്.ഐ എ.ബി. ബിനേഷ്, സീനിയർ സി.പി.ഒമാരായ സി.കെ. ഷനിൽ കുമാർ, ആർ. രജിലേഷ്, കെ.ടി. റബീഷ്, സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
