കോഴിക്കോട്: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ കട്ടിപ്പാറ പഞ്ചായത്തിലെ ചുണ്ടൻകുഴി വാർഡിലെ കാപ്പാട് മിച്ചഭൂമിയിലെ 26 കുടുംബങ്ങൾക്കും, പയോണ വാർഡിലെ 36 കുടുംബങ്ങൾക്കും ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പായി. 35 വർഷമായി പട്ടയത്തിനായി കാത്തിരുന്ന പ്രദേശവാസികൾക്ക് സർക്കാർ പട്ടയം വിതരണം ചെയ്തു.
കോവൂർ പി. കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയംയിൽ നടന്ന ജില്ലാതല പട്ടയമേളയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. സ്വന്തമായി ഭൂമിയില്ലാത്തവരെ ഭൂമിയുടെ ഉടമസ്ഥരാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പട്ടയവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ സർക്കാരിന് കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് ജില്ലാ കളക്ടർ സ്‌നേഹിൽകുമാർ സിംങ് പട്ടയങ്ങൾ കൈമാറി. ലിന്റോ ജോസഫ് എംഎൽഎ, ചുണ്ടൻകുഴി വാർഡ് മെമ്പർ കെ.സി. ലെനിൽ, പയോണ വാർഡ് മെമ്പർ പി.സി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. തുടർന്ന് ജില്ലകളിലാകെ പട്ടയവിതരണം നടന്നു.