Trending

കട്ടിപ്പാറയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം.

കട്ടിപ്പാറ : കട്ടിപ്പാറയിലെ കൊച്ചുവീട്ടിൽ തോമസിന്റെ വീട്ടിൽ നടന്ന കവർച്ച സംഭവം പ്രദേശത്ത് ആശങ്ക പരത്തി. ഒരു മാസം മുമ്പ് യുകെയിലുള്ള മക്കളെ സന്ദർശിക്കാൻ പോയ കുടുംബത്തിന്റെ അടച്ചിട്ട വീട്ടിലാണ് ബുധനാഴ്ച അർധരാത്രിയോടെ മോഷണം നടന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ലഭിക്കാതിരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേ തുടർന്ന് ബന്ധുവായ ഷിബുവിനോട് വീട്ടിൽ പോയി പരിശോധിക്കാൻ ആവശ്യപ്പെട്ടു. ഇന്ന് വൈകുന്നേരം വീട്ടിലെത്തിയ ഷിബു, സി.സി.ടി.വി ക്യാമറകൾ തകർത്ത നിലയിലും വാതിലുകളുടെ ലോക്കുകൾ പൊളിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
തുടർന്ന് വിവരം ലഭിച്ചതിനെ തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

വീടിനുള്ളിൽ കയറിയ മോഷ്ടാക്കൾ അലമാരകളുടെ പൂട്ടുകൾ തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.

മോഷണത്തിന്റെ തെളിവുകൾ നശിപ്പിക്കാനായി സി.സി.ടി.വി ക്യാമറകൾ തകർത്തെങ്കിലും, റെക്കോർഡിംഗ് സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്ക് കണ്ടെത്താൻ മോഷ്ടാവിന് കഴിഞ്ഞില്ല. ഹാർഡ് ഡിസ്ക് പരിശോധിച്ച പോലീസ് മോഷ്ടാവിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയതോടെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post