താമരശ്ശേരി: പുതിയ അധ്യയന വർഷത്തിന് ആവേശകരമായ തുടക്കം കുറിച്ച് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കാരപ്പറ്റ അങ്കണവാടിയിൽ പ്രവേശനോത്സവവും സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കുള്ള യാത്രയയപ്പും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
കുരുന്നുകളുടെ ചിരിയും ആഘോഷത്തിന്റെ നിറപ്പകിട്ടും കൊണ്ട് അങ്കണവാടി മുറ്റം ഉത്സവ പ്രതീതിയിലായിരുന്നു.
അങ്കണവാടിയിലേക്ക് പുതുതായി എത്തുന്ന കുട്ടികളെ സ്നേഹപൂർവം വരവേൽക്കുന്നതിനും പ്രീ-സ്കൂൾ പഠനം പൂർത്തിയാക്കി സ്കൂളിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് ആശംസകൾ നേർന്ന് യാത്രയയപ്പ് നൽകുന്നതിനുമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.
പ്രവേശനോത്സവത്തിന്റെയും യാത്രയയപ്പിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീജില ശ്രീജിത്ത് നിർവഹിച്ചു.
കുട്ടികളുടെ ആദ്യ പഠനകേന്ദ്രമെന്ന നിലയിൽ അങ്കണവാടികൾ സമൂഹത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും, കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളർച്ചയ്ക്ക് ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു.
ചടങ്ങിൽ LMSC അംഗങ്ങളായ രാജൻ കെ.പി, ഷീലത വിജയൻ, ആശാ വർക്കർ സജിനി കല്ലുള്ളതോട്, രക്ഷിതാക്കൾ എന്നിവർ ആശംസകൾ നേർന്നു. അങ്കണവാടിയിൽ പ്രവേശനം നേടിയ കുട്ടികൾക്കും പഠനം പൂർത്തിയാക്കി സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കും LMSC അംഗങ്ങളുടെയും അങ്കണവാടി വർക്കറുടെയും ഹെൽപ്പറുടെയും നേതൃത്വത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാനങ്ങളും ചടങ്ങിന് കൂടുതൽ മിഴിവേകി. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
അങ്കണവാടി വർക്കർ ഷീബാമണി സ്വാഗതം പറഞ്ഞു. ഹെൽപ്പർ മഞ്ജുഷ നന്ദി രേഖപ്പെടുത്തി.