Trending

കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മയെ സന്ദർശിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ.


കട്ടിപ്പാറ: കഴിഞ്ഞ ദിവസം കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കട്ടിപ്പാറ വെള്ളനക്കുന്നുമ്മൽ മുഹമ്മദിന്റെ ഭാര്യ ജമീലയെ താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ പ്രേം ഷമീർ സന്ദർശിച്ചു.
ജമീലയുടെ ആരോഗ്യനില വിലയിരുത്തിയ അദ്ദേഹം സംഭവത്തെക്കുറിച്ച് കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ തേടി. കാട്ടുപന്നി ശല്യം പ്രദേശവാസികളുടെ ജീവിതത്തിനും കൃഷിക്കും ഭീഷണിയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് റെയിഞ്ച് ഓഫീസർ അറിയിച്ചു.
സംയുക്ത കർഷക കൂട്ടായ്മ ഭാരവാഹികളായ കെ.വി. സെബാസ്റ്റ്യൻ, രാജു തുരുത്തിപ്പള്ളി എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു. കാട്ടുപന്നി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
കട്ടിപ്പാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ആക്രമണങ്ങൾ വർധിച്ചുവരുന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വന്യജീവി ശല്യത്തിനെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉയർത്തുന്നുണ്ട്.

Post a Comment

Previous Post Next Post