Trending

'പാറ്റക്കൂട്ടായ്‌മ’യെ പൂട്ടാൻ നീക്കം; എക്‌സ് അക്കൗണ്ട് നിരോധിച്ചതിന് പിന്നാലെ പുതിയത് തുറന്ന് കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി)


ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ (CJP) എക്‌സ് അക്കൗണ്ട് നിരോധിച്ചതിന് പിന്നാലെ പുതിയ അക്കൗണ്ട് തുറന്നു. ആദ്യ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ “പ്രതീക്ഷിച്ചതാണ് സംഭവിച്ചത്” എന്നാണ് സ്ഥാപകനായ അഭിജിത്ത് ദീപക് പ്രതികരിച്ചത്. സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകള്‍’ എന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമര്‍ശത്തിനെതിരായ പ്രതിഷേധമായാണ് സോഷ്യല്‍ മീഡിയയില്‍ കോക്രോച്ച്‌ ജനതാ പാർട്ടി രൂപംകൊണ്ടത്. തൊഴിലില്ലാത്തവരുടെ ശബ്ദമെന്ന നിലയിലാണ് സിജെപി സ്വയം അവതരിപ്പിക്കുന്നത്.
“തൊഴിലില്ലാത്തവര്‍, കുഴിമടിയന്മാര്‍, മടിച്ചികള്‍, ദിവസത്തില്‍ 12 മണിക്കൂറിലധികം സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നവര്‍” എന്നിവരാണ് പാര്‍ട്ടിയില്‍ അംഗമാകാനുള്ള മാനദണ്ഡങ്ങളെന്ന പരിഹാസപരമായ വിവരണവുമുണ്ട്. തമാശയായി ആരംഭിച്ച കൂട്ടായ്മ ഇപ്പോള്‍ ജെൻസി തലമുറയ്ക്കിടയില്‍ ഒരു സോഷ്യല്‍ മീഡിയ മൂവ്‌മെന്റായി മാറിക്കൊണ്ടിരിക്കുകയാണ്.

മേയ് 15ന് സുപ്രീംകോടതി നടപടിക്കിടെയായിരുന്നു വിവാദ പരാമര്‍ശം ഉണ്ടായത്. തൊഴിലില്ലാത്ത യുവാക്കള്‍ “പാറ്റകളെപ്പോലെ സിസ്റ്റത്തെ ആക്രമിക്കുന്നു” എന്ന രീതിയിലായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ പിന്നീട് വിശദീകരണ കുറിപ്പും പുറത്തിറക്കേണ്ടി വന്നു.
അതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കോക്രോച്ച്‌ ജനതാ പാർട്ടി രൂപംകൊണ്ടത്. ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ‘മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം’ എന്ന മുദ്രാവാക്യത്തോടെ ഒരു വെബ്‌സൈറ്റും ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post