താമരശ്ശേരി: ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ ഉത്സവമായ ഫിഫ ലോകകപ്പിനെ വരവേൽക്കാനുള്ള ആവേശത്തിൽ ചമലും ഉണർന്നിരിക്കുകയാണ്. ചമൽ അങ്ങാടിയിലും ചുണ്ടൻകുഴി പ്രദേശത്തും വിവിധ രാജ്യങ്ങളുടെ ആരാധക കൂട്ടായ്മകൾ ഫ്ലെക്സ് ബോർഡുകളും ആകർഷകമായ ലൈറ്റ് ഡിസ്പ്ലേ ബോർഡുകളും സ്ഥാപിച്ച് ഫുട്ബോൾ ആഘോഷങ്ങൾക്ക് തുടക്കമിട്ടു.
ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയുടെയും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും വമ്പൻ ലൈറ്റ് ഫ്ലെക്സ് ബോർഡുകളാണ് പ്രദേശത്തെ പ്രധാന ആകർഷണം. രാത്രിയിലും ദൂരത്തുനിന്ന് പോലും ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ലൈറ്റ് ഡിസ്പ്ലേകൾ ആണ് ആരാധകർ സ്‌ഥാപിച്ചത്.
അർജന്റീന, സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ബ്രസീൽ, ഇംഗ്ലണ്ട് തുടങ്ങിയ ലോകകപ്പ് ടീമുകൾക്ക് പിന്തുണ പ്രഖ്യാപിച്ച് ആരാധകർ അതത് രാജ്യങ്ങളുടെ പതാകകളും ഫ്ലെക്സ് ബോർഡുകളും വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇഷ്ട താരങ്ങളുടെയും ടീമുകളുടെയും ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ബോർഡുകൾ പ്രദേശമാകെ ഫുട്ബോൾ ആവേശം പകരുകയാണ്.
ഫുട്ബോൾ പ്രേമികൾ ഏറെയുള്ള ചമലിൽ ലോകകപ്പ് കാലമെത്തുമ്പോൾ ആരാധക കൂട്ടായ്മകൾ കൂടുതൽ സജീവമാകുന്നത് പതിവാണ്. മത്സരങ്ങൾ ആരംഭിച്ചതോടെ കൂടുതൽ ഫ്ലെക്സുകളും അലങ്കാര സംവിധാനങ്ങളും ഒരുക്കാനുള്ള തിരക്കിലാണ് വിവിധ ടീമുകളുടെ ആരാധകർ.
വർഷങ്ങളായി ലോകകപ്പ് വേളയിൽ വിവിധ ടീമുകളുടെ ആരാധകർ തമ്മിലുള്ള ആരോഗ്യകരമായ ചർച്ചകളും, മത്സരവും, ആഘോഷങ്ങളും ചമൽ പ്രദേശത്തിന്റെ പ്രത്യേകതയായി മാറിയിട്ടുണ്ട്. ഇത്തവണയും അതേ ആവേശത്തോടെയാണ് ആരാധകർ തങ്ങളുടെ പ്രിയ ടീമുകൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.
ഫ്ലെക്സ് ബോർഡുകളും ലൈറ്റ് ഡിസ്പ്ലേകളും സ്ഥാപിച്ചതോടെ ചമൽ അങ്ങാടിയും, ചുണ്ടൻകുഴിയും ഇപ്പോൾ ഫുട്ബോൾ ലോകകപ്പിന്റെ വർണാഭമായ ആഘോഷ വേദികളായി മാറിയിരിക്കുകയാണ്. മത്സരങ്ങളുടെ ആവേശം കൂടുന്നതനുസരിച്ച് പ്രദേശത്തെ ആഘോഷങ്ങളും കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ.