Trending

ചമൽ ജി.എൽ.പി സ്കൂളിന് മുന്നിലെ വളവിൽ അപകടങ്ങൾ തുടർക്കഥ; മലയോര ഹൈവേയിലെ ഓവുചാൽ സംവിധാനം പാളുന്നതായി പരാതി

ചമൽ : പെരുമ്പള്ളി - തലയാട് മലയോര ഹൈവേയിൽ ചമൽ ജി.എൽ.പി സ്കൂളിന് മുൻവശത്തുള്ള വളവിൽ റോഡിൽ കെട്ടിക്കിടക്കുന്ന മണലിൽ തെന്നിവീണ് തലയാട് സ്വദേശികളായ ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേറ്റു.പ്രദേശത്ത് സമാന അപകടങ്ങൾ പതിവായി സംഭവിക്കുന്നതായി നാട്ടുകാർ പറയുന്നു.

മലയോര ഹൈവേ നിർമ്മാണത്തിലെ ഡ്രെയിനേജ് സംവിധാനത്തിലെ അപാകതകളാണ് അപകടങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപം. ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം ഓവുചാലുകളിലേക്ക് എത്തിക്കുന്നതിനായി ചില ഭാഗങ്ങളിൽ ഓട്ടകൾ(ഡ്രൈനേജ്   കണക്ഷനുകൾ) നിർമ്മിച്ചിട്ടുണ്ടെങ്കിലും പല ഭാഗങ്ങളിലും അവ ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നാണ് പരാതി. റോഡിന്റെ ചരിവും ഓട്ടകളുടെ രൂപകൽപ്പനയും ശരിയായ രീതിയിലല്ലാത്തതിനാൽ വെള്ളം ഓട്ടകളിലൂടെ ഓവുചാലിലേക്ക് പ്രവേശിക്കാതെ റോഡിലൂടെ തന്നെ പരന്ന് ഒഴുകുകയാണ്.
ഇതോടൊപ്പം ഒഴുകിയെത്തുന്ന മണലും ചെളിയും റോഡിന്റെ വളവുകളിലും വശങ്ങളിലും അടിഞ്ഞുകൂടുന്നു. പ്രത്യേകിച്ച് ചമൽ ജി.എൽ.പി സ്കൂളിന് മുൻവശത്തുള്ള വളവിൽ മണൽ കെട്ടിക്കിടക്കുന്നത് കാരണം ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്ന അപകടങ്ങൾ നിരന്തരം ഉണ്ടാകുന്നുണ്ട്.

സ്കൂൾ പരിസരമായതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി ആളുകൾ ദിവസേന ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡ്രെയിനേജ് സംവിധാനത്തിലെ തകരാറുകൾ പരിഹരിക്കുകയും, വെള്ളം കാര്യക്ഷമമായി ഓവുചാലിലേക്ക് ഒഴുകിപ്പോകുന്ന തരത്തിൽ ആവശ്യമായ സാങ്കേതിക പരിഷ്കാരങ്ങൾ നടപ്പാക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post