Trending

ഗതാഗതം സ്തംഭിപ്പിച്ച് പടക്കം പൊട്ടിച്ചു; കൊടുവള്ളിയിൽ മൂന്ന് പേർ അറസ്റ്റിൽ

 
കൊടുവള്ളി: പെരുന്നാൾ തലേന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച സംഭവത്തിൽ മൂന്ന് പേരെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം വേളാട്ടിൽ വി. അർഷാദ്, കൊടുവള്ളി വടക്കെപുരയിൽ മുഹമ്മദ് ഷാനിദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി കൊടുവള്ളി ബസ് സ്റ്റാൻഡിന് സമീപം എം.പി.സി ആശുപത്രിക്ക് മുന്നിൽ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടാണ് പടക്കം പൊട്ടിച്ചത്. സംഭവം വാർത്തയായതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച കൊടുവള്ളി പൊലീസ് ബി.എൻ.എസ് 285, 288 വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

റോഡിൽ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് നാട്ടുകാരുടെയും യാത്രക്കാരുടെയും ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗതാഗതം തടസ്സപ്പെടുത്തിയതിനെ ചോദ്യം ചെയ്തവരും ആഘോഷത്തിൽ പങ്കെടുത്തവരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. 

ദേശീയപാതയിൽ അപകടസാധ്യത സൃഷ്ടിക്കുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post