അറ്റ്‌ലാന്റ: ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തി ഇംഗ്ലണ്ടിനെ 2-1ന് കീഴടക്കി നിലവിലെ ലോകചാമ്പ്യൻമാരായ അർജന്റീന 2026 ഫിഫ ലോകകപ്പ് ഫൈനലിലേക്ക് മുന്നേറി. തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണ് അർജന്റീന നേടുന്നത്. ഇനി കലാശപ്പോരിൽ സ്പെയിനാണ് അർജന്റീനയുടെ എതിരാളികൾ.
ആദ്യ പകുതിയിൽ ഇരുടീമുകളും പരുക്കൻ പോരാട്ടമാണ് പുറത്തെടുത്തത്. നിരവധി ഫൗളുകളും വാക്‌പോരും മത്സരത്തിന്റെ തീവ്രത കൂട്ടി. ഇംഗ്ലണ്ട് മികച്ച പ്രെസിങ്ങിലൂടെ അർജന്റീനയെ സമ്മർദത്തിലാക്കിയെങ്കിലും ആദ്യ 45 മിനിറ്റിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല.
രണ്ടാം പകുതിയിൽ ആക്രമണത്തിന്റെ വേഗം കൂട്ടിയ ഇംഗ്ലണ്ട് 56-ാം മിനിറ്റിൽ ലീഡ് നേടി. മോർഗൻ റോജേഴ്‌സിന്റെ കൃത്യമായ ക്രോസിൽ ആന്തണി ഗോർഡൻ മിന്നൽ വേഗത്തിൽ പന്ത് വലയിലെത്തിച്ച് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.
ഗോൾ വഴങ്ങിയതോടെ അർജന്റീന ആക്രമണം ശക്തമാക്കി. ലയണൽ മെസിയുടെ നേതൃത്വത്തിൽ തുടർച്ചയായ മുന്നേറ്റങ്ങൾ ഇംഗ്ലണ്ട് പ്രതിരോധത്തെ വിറപ്പിച്ചു. മത്സരത്തിന്റെ ഗതി മാറ്റിയ നിർണായക മാറ്റങ്ങളുമായി പരിശീലകൻ ലയണൽ സ്‌കലോണിയും രംഗത്തെത്തി.
85-ാം മിനിറ്റിൽ മെസിയുടെ മനോഹരമായ പാസിൽ നിന്ന് എൻസോ ഫെർണാണ്ടസ് മിഡ് റേഞ്ച് ഷോട്ടിലൂടെ സമനില പിടിച്ചു. ഗോൾ നേടിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത അർജന്റീന ഇഞ്ചുറി ടൈമിൽ വിജയഗോളും കണ്ടെത്തി. അലക്സിസ് മാക് അലിസ്റ്ററുടെ നീക്കത്തിനൊടുവിൽ മെസി നൽകിയ കൃത്യമായ ക്രോസിൽ ലൗട്ടാരോ മാർട്ടിനസ് ഉയർന്ന് ചാടി നേടിയ ഹെഡറാണ് ലോകചാമ്പ്യൻമാർക്ക് ഫൈനൽ ടിക്കറ്റ് സമ്മാനിച്ചത്.
രണ്ട്അ സിസ്റ്റുമായി കളം നിറഞ്ഞ ലയണൽ മെസി മത്സരത്തിലെ നിർണായക താരമായി. പ്രതിസന്ധി ഘട്ടത്തിൽ തിരിച്ചുവരവ് നടത്തി വിജയമുറപ്പിച്ച അർജന്റീന, ഇപ്പോൾ ലോകകപ്പ് കിരീടം നിലനിർത്താൻ ഒരു ജയം മാത്രം അകലെയാണ്.
ജൂലൈ 19-ന് നടക്കുന്ന ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ എത്തും. ലോക ഫുട്ബോളിലെ രണ്ട് ശക്തരായ ടീമുകൾ ഏറ്റുമുട്ടുന്ന കലാശപ്പോരിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.