കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ യുവതിയുടെ കൈവശം നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. വയനാട് സ്വദേശിനിയായ അശ്വതിയെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തത്.
നാൽപത്തിയൊന്നാം വാർഡിൽ നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണ കുപ്പിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.
അശ്വതിയുടെ ഭർത്താവ് നിലവിൽ ജയിലിൽ കഴിയുകയാണ്. ജയിലിൽ നിന്ന് ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന തടവുകാർ വഴി ഭർത്താവിന് ഹാഷിഷ് ഓയിൽ കൈമാറാനായിരുന്നു യുവതിയുടെ പദ്ധതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അശ്വതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുന്നതായി മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.