കൊച്ചി: സംസ്ഥാന സർക്കാരിന്റെ വനിതാ സൗജന്യയാത്രാ പദ്ധതിയായ പ്രിയദർശിനി സർവീസിൽ ടിക്കറ്റ് തട്ടിപ്പ്. വനിതകൾക്കായി അനുവദിച്ചിരിക്കുന്ന ‘സീറോ വാല്യു’ ടിക്കറ്റുകൾ പുരുഷ യാത്രക്കാർക്കും നൽകി, അവരിൽ നിന്ന് ഈടാക്കിയ തുക ജീവനക്കാർ കൈക്കലാക്കുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്.
വിവിധ ഡിപ്പോകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി. അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.യാത്രക്കാർ ടിക്കറ്റ് പരിശോധിക്കാത്ത സാഹചര്യം മുതലെടുത്താണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തൽ.
ആലുവ–പറവൂർ റൂട്ടിൽ യാത്ര ചെയ്ത തമിഴ്നാട് സ്വദേശിയായ ഒരാൾക്ക് വനിതാ സൗജന്യ ടിക്കറ്റ് നൽകിയ സംഭവം പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. യാത്ര കഴിഞ്ഞ് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് ഇ-മെയിൽ വഴി കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് കൺട്രോൾ സെന്ററിനെ വിവരം അറിയിച്ചു.
അന്വേഷണത്തിൽ ബസിൽ തിരക്കായതിനാലും കാഴ്ചക്കുറവുള്ളതിനാലുമാണ് അബദ്ധം സംഭവിച്ചതെന്ന് താത്കാലിക കണ്ടക്ടർ വിശദീകരിച്ചെങ്കിലും, ടിക്കറ്റ് റിപ്പോർട്ട് പരിശോധിച്ചപ്പോൾ ബസിലുണ്ടായിരുന്നത് 34 യാത്രക്കാർ മാത്രമാണെന്ന് കണ്ടെത്തി. കണ്ടക്ടർ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് പ്രവർത്തിച്ചെന്നാണ് അന്വേഷണ റിപ്പോർട്ട്.
എറണാകുളം–ഗുരുവായൂർ റൂട്ടിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തു. ഒരു യാത്രക്കാരൻ തനിക്ക് ലഭിച്ചത് വനിതാ സൗജന്യ ടിക്കറ്റാണെന്ന് ചൂണ്ടിക്കാട്ടിയതോടെ കണ്ടക്ടർ അത് തിരിച്ചുവാങ്ങി മറ്റൊരു ടിക്കറ്റ് നൽകി. ഇതോടെ മറ്റ് യാത്രക്കാരും ടിക്കറ്റ് പരിശോധിച്ചപ്പോൾ അവർക്കും ‘സീറോ ടിക്കറ്റ്’ തന്നെയാണെന്ന് വ്യക്തമായി. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടക്ടറുടെ ബാഗിൽ കണക്കിൽപ്പെടാത്ത 135 രൂപ കണ്ടെത്തി.
പൊന്നാനി ഡിപ്പോയിൽ നിന്ന് പാലക്കാട്ടേക്ക് പോയ ബസിൽ എട്ട് ഇതരസംസ്ഥാന പുരുഷ വിനോദസഞ്ചാരികൾക്കും വനിതാ സൗജന്യ ടിക്കറ്റ് നൽകിയ സംഭവവും പുറത്തുവന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട കണ്ടക്ടറെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.