താമരശ്ശേരി : കോരങ്ങാട് അൽഫോൻസ സ്കൂളിന് സമീപം തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം തകർന്നു വീണ് വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കോരങ്ങാട് സ്വദേശിനി ജാനു (78) നാണ് അപകടത്തിൽ പരിക്കേറ്റത്.
പാലത്തിലൂടെ നടന്നുപോകുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു. ഇതോടെ സ്ലാബിൽ നിന്ന് പുറത്തേക്ക് തള്ളിനിന്നിരുന്ന ഇരുമ്പ് കമ്പി ജാനുവിന്റെ കാലിൽ തുളച്ചുകയറി ഗുരുതര പരിക്കേൽക്കുകയായിരുന്നു.
അപകടം കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി ജാനുവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.