Trending

ശക്തമായ മഴയിൽ ചമൽ ജി.എൽ.പി. സ്കൂളിന്റെ സംരക്ഷണ ഭിത്തി തകർന്നു; വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണി, ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം

കട്ടിപ്പാറ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമൽ ജി.എൽ.പി. സ്കൂളിന്റെ സംരക്ഷണ ഭിത്തി തകർന്നു. ഏകദേശം ആറ് മീറ്ററോളം നീളത്തിലുള്ള ഭാഗമാണ് ഇടിഞ്ഞുവീണത്. ഇതോടെ സ്കൂൾ പരിസരത്തിന്റെ സുരക്ഷ തന്നെ ആശങ്കയിലായിരിക്കുകയാണ്.

മതിൽ തകർന്നതിനെ തുടർന്ന് സ്കൂളിലെ കഞ്ഞിപ്പുരയും പ്രധാന അക്കാദമിക് കെട്ടിടവും അപകടഭീഷണിയിലാണ്. മഴ ശക്തമായാൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനും സ്കൂൾ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. 

കട്ടിപ്പാറ പഞ്ചായത്തിലെ  മലയോര മേഖലയായ ചമൽ,പെരുമ്പള്ളി മേഖലയിലെ നിരവധി വിദ്യാർത്ഥികളുടെ ആശ്രയമായ സർക്കാർ വിദ്യാലയമാണ് ചമൽ ജി.എൽ.പി. സ്കൂൾ. നിരവധി വിദ്യാർത്ഥികൾ പഠനം നടത്തുന്ന ഈ വിദ്യാലയത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ തകരാറിലായ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്. സ്കൂൾ തുറന്ന് പ്രവർത്തിക്കുന്ന ദിവസങ്ങളിൽ അപകടസാധ്യത വർധിക്കുമെന്നതിനാൽ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

സംരക്ഷണ ഭിത്തി താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കുന്നതിന് പകരം, വിദഗ്ധ പരിശോധന നടത്തി ശാസ്ത്രീയവും ശാശ്വതവുമായ സംരക്ഷണഭിത്തി നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. കൂടാതെ മഴക്കാലം കണക്കിലെടുത്ത് സ്കൂൾ പരിസരത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ സ്വീകരിക്കണം.

പൊതുമരാമത്ത് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ഇടപെടലിലൂടെ എത്രയും വേഗം സ്ഥലം സന്ദർശിച്ച് ആവശ്യമായ ഫണ്ട് അനുവദിച്ച് സംരക്ഷണ ഭിത്തി പുനർനിർമിക്കണമെന്നും, വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post