താമരശ്ശേരി: കോരങ്ങാട് ഹൈസ്കൂളിന് സമീപമുള്ള ഫ്ലാറ്റിൽ പുലർച്ചെ മോഷണം നടന്നു. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സ്കൂട്ടറിലെത്തിയ രണ്ട് യുവാക്കൾ മോഷണം നടത്തിയത്.
ഫ്ലാറ്റിൽ താമസിക്കുന്ന തോമസിന്റെ മൊബൈൽ ഫോണും പണവുമാണ് മോഷ്ടാക്കൾ കവർന്നത്. സമീപത്ത് താമസിക്കുന്ന മറ്റൊരാളുടെ ഒരു ജോഡി പുതിയ ചെരുപ്പും സംഘം മോഷ്ടിച്ചതായി പരാതിയുണ്ട്.
മോഷണം നടത്തിയ യുവാക്കളുടെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച താമരശ്ശേരി പൊലീസ് പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്.
സംഭവത്തിൽ താമരശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം താമരശ്ശേരി മേഖലയിലെ വിവിധ മുസ്ലിം പള്ളികളിൽ നിന്ന് സ്കൂട്ടറിലെത്തിയ മോഷ്ടാവ് ഇൻവർട്ടറുകളും ബാറ്ററികളും കവർന്ന സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. സമീപകാലത്ത് തുടർച്ചയായി നടക്കുന്ന മോഷണങ്ങൾ പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.