തിരുവനന്തപുരം: മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പ് (എംവിഡി) കർശന നടപടിയുമായി രംഗത്തെത്തി. നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനൊപ്പം പിഴയും ചുമത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകി.
മീൻവണ്ടികളിൽ നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുര്‍ഗന്ധമുള്ള വെള്ളം വാഹനാപകടങ്ങൾക്കും ഗുരുതര ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി.
മലിനജലം വാഹനങ്ങളിലെ ടാങ്കുകളിൽ തന്നെ ശേഖരിച്ച് ശാസ്ത്രീയ സംവിധാനമുള്ള സ്ഥലങ്ങളിൽ മാത്രം സംസ്കരിക്കണമെന്നും പൊതുനിരത്തിലേക്ക് ഒഴുക്കരുതെന്നും എംവിഡി നിർദേശിച്ചു.
റോഡ് സുരക്ഷയും പൊതുശുചിത്വവും ഉറപ്പാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി നിയമലംഘനങ്ങൾക്കെതിരെ പരിശോധനയും കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.