താമരശ്ശേരി: ദേശീയപാത 766 കോഴിക്കോട്–കൊല്ലഗൽ റോഡിൽ താമരശ്ശേരിക്ക് സമീപം വട്ടക്കുണ്ടിലുണ്ടായ ബുള്ളറ്റ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരപ്പെട്ടു. താമരശ്ശേരി ഓടക്കുന്ന് കണ്ടംപാറക്കൽ അക്ഷയ് കുമാർ (25) (പൊന്നു) ആണ് മരിച്ചത്.
വ്യാഴാഴ്ച അർധരാത്രി 12 മണിയോടെയാണ് അപകടം. താമരശ്ശേരി ഭാഗത്തുനിന്ന് കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റാണ് അപകടത്തിൽപ്പെട്ടത്. അപകടം എങ്ങിനെയാണ് സംഭവിച്ചതെന്ന് ആദ്യം വ്യക്തമായിരുന്നില്ല.
എന്നാൽ അപകടം നടന്ന സ്ഥലത്തിന് സമീപത്തെ വേ ബ്രിഡ്ജിൽ നിന്ന് ഇറങ്ങി വന്ന
ലോറി പിന്നോട്ടെടുക്കുന്നതിനിടെ ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന ബുള്ളറ്റിൽ ഇടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇന്നലെ ലഭിച്ചതോടെയാണ് അപകടത്തിന്റെ കാരണം വ്യക്തമായത്.
ബുള്ളറ്റിൽ ഇടിച്ചശേഷം ലോറി ഡ്രൈവർ സ്ഥലത്തുനിന്ന് കടന്നുപോയതായാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അക്ഷയ് കുമാർ അരമണിക്കൂറോളം രക്തം വാർന്ന് റോഡിൽ കിടന്നു . ഇതുവഴി എത്തിയ യാത്രക്കാരാണ് പരിക്കെറ്റയാളെ ഉടൻ 108 ആംബുലൻസിൽ വിവരം അറിയിക്കുകയും ചെയ്തത്.
ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പിതാവ് : അജിത്ത് കുമാർ
മാതാവ് : ഷിജി
സഹോദരി: അഞ്ജന
സംസ്‌കാര ചടങ്ങുകൾ ഇന്ന് (12-09-2026 ശനിയാഴ്ച ) വൈകുന്നേരം 4 മണിയ്ക്ക്