ബാലുശ്ശേരി : കുറുമ്പൊയിൽ ഭാഗത്ത് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 1600 ലിറ്റർ വാഷ് താമരശ്ശേരി എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു.. സംഭവത്തിൽ എക്സൈസ് അധികൃതർ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.
താമരശ്ശേരി താലൂക്കിലെ കാന്തലാട് വില്ലേജിൽ ഉൾപ്പെടുന്ന കുറുമ്പൊയിൽ ഭാഗത്ത് അണ് പരിശോധന നടത്തിയത്. 200 ലിറ്റർ വീതം കൊള്ളുന്ന എട്ട് ബാരലുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ നിലയിലായിരുന്നു ഇത്.
സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത എക്സൈസ് സംഘം പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.
താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ഗിരീഷ് കെ., ബിനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ നൗഷീർ എന്നിവർ പങ്കെടുത്തു.