Trending

കപ്പയും ചേമ്പും കുത്തിനശിപ്പിച്ചു; കട്ടിപ്പാറയിൽ കാട്ടുപന്നി ശല്യം തുടരുന്നു

കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ കൃഷിയിടത്തിൽ കാട്ടുപന്നികൾ കയറി വിളവെടുപ്പിന് പാകമായ കപ്പയും ചേമ്പും നശിപ്പിച്ചു. വേലി കെട്ടി സുരക്ഷിതമാക്കിയ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടുപന്നികൾ കയറി വ്യാപകമായി കൃഷിനാശം വരുത്തിയത്.

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. കർഷകർ ഏറെ അധ്വാനിച്ച് വളർത്തിയ വിളകൾ വിളവെടുപ്പിന് പാകമാകുന്ന ഘട്ടത്തിൽ നശിപ്പിക്കപ്പെടുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനാണ് ഇടയാക്കുന്നത്. വേലി കെട്ടി സംരക്ഷിച്ച കൃഷിയിടങ്ങളിൽ പോലും കാട്ടുപന്നികൾ എത്തി കൃഷി നശിപ്പിക്കുന്നത് കർഷകരുടെ ആശങ്ക വർധിപ്പിക്കുന്നു.

എം. പാനൽ ഷൂട്ടർമാരുടെ സേവനം ലഭ്യമാകാത്തതാണ് കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിന് തടസ്സമാകുന്നതെന്നും ഇതോടെ കാട്ടുപന്നികളുടെ വിളയാട്ടം വർധിക്കുകയാണെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. കൃഷിനാശം തുടർക്കഥയാകുമ്പോഴും ഫലപ്രദമായ നടപടി ഉണ്ടാകാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും എം. പാനൽ ഷൂട്ടർമാരുടെ സേവനം ലഭ്യമാക്കി കർഷകരുടെ കൃഷി സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിൻസി തോമസ്, കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ, സി. ജോസില, സി. അനിഷ, സി. ലിൻസ്, തോമസ് മാസ്റ്റർ എന്നിവർ കാട്ടുപന്നികൾ കൃഷി നശിപ്പിച്ച കൃഷിയിടം സന്ദർശിച്ചു.

Post a Comment

Previous Post Next Post