താമരശ്ശേരി: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വളർത്തുനായയുടെ ശരീരത്തിൽ ശ്രീകൃഷ്ണന്റെ കിരീടവും മാലയും മയിൽപ്പീലിയും അണിയിച്ച ചിത്രത്തിനൊപ്പം വാട്സ്ആപ്പ് സ്റ്റാറ്റസിൽ ആശംസകൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ മുൻ പഞ്ചായത്ത് അംഗത്തിന് മുൻകൂർ ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി.
ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നും മതവിശ്വാസത്തെ അവഹേളിച്ചെന്നുമുള്ള ആരോപണത്തിൽ ബിജെപി കട്ടിപ്പാറ ഏരിയ കമ്മിറ്റി നൽകിയ പരാതിയിലാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. മതവിശ്വാസം വ്രണപ്പെടുത്തിയെന്ന ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും പ്രതിയുടെ പ്രവർത്തിയിൽ ദുരുദ്ദേശം കാണാനാവില്ലെന്നും വിലയിരുത്തിയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ബിന്ദു കുമാരി മുൻകൂർ ജാമ്യം അനുവദിച്ചത്.
മുൻ പഞ്ചായത്ത് അംഗവും സിപിഐഎം പ്രവർത്തകയുമായ വല്ലിക്കെതിരെയാണ് ബിജെപിയും അനുബന്ധ സംഘടനകളും പരാതി നൽകിയത്. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ പ്രകടനങ്ങളും പോലീസ് സ്റ്റേഷൻ മാർച്ചും നടത്തിയിരുന്നു.
പ്രതിയുടെ ജാമ്യാപേക്ഷയെ പോലീസും പരാതിക്കാരനും എതിർത്തിരുന്നെങ്കിലും കേസിലെ വസ്തുതകൾ വിലയിരുത്തിയ കോടതി ജാമ്യാപേക്ഷ അനുവദിക്കുകയായിരുന്നു.
പ്രതിക്കുവേണ്ടി അഡ്വ. സന്ദീപ് കെടവൂരും സി.പി. അബ്ദുൽ റഫീഖും ഹാജരായി.