താമരശ്ശേരി: ദില്ലി കൊണാട്ട് പ്ലേസിൽ ഐസയുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത ഡൽഹി പോലീസ് നടപടിയിൽ KJU താമരശ്ശേരി മേഖലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് എന്നീ മലയാള മാധ്യമ സ്ഥാപനങ്ങളിൽനിന്നുൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തത്.ഇവരുടെ ജോലിയും തടസ്സപ്പെടുത്തി.
മാധ്യമപ്രവർത്തകരെന്ന് വ്യക്തമാകുന്ന വിധത്തിൽ സ്ഥാപനത്തിന്റെ ഐഡി കാർഡ് അണിഞ്ഞവരും മൈക്ക് കൈവശമുള്ളവരും അടക്കമുള്ള മാധ്യമപ്രവർത്തകരെ പോലീസ് വാഹനത്തിലേക്ക് തള്ളിക്കയറ്റി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്.
സ്ഥലത്ത് യാതൊരു ക്രമസമാധാനപ്രശ്‌വമുണ്ടായിരുന്നില്ല. യാതൊരു കാരണവുംകൂടാതെയായിരുന്നു പോലീസ് നടപടി. ആർകെ ആശ്രം മാർഗിൽനിന്ന് എട്ടോളം മാധ്യമപ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്.
സ്വതന്ത്രമാധ്യമ പ്രവർത്തനം തടസ്സപ്പെടുത്തുന്ന നിയമവിരുദ്ധ പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ,മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും KJU താമരശ്ശേരി മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.