പാലക്കാട്: എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ എഴുപത്തിരണ്ടുകാരന് തടവും പിഴയും. ഒറ്റപ്പാലം മുളഞ്ഞൂർ സ്വദേശിയെയാണ് പട്ടാമ്പി പ്രത്യേക അതിവേഗ കോടതി വിവിധ വകുപ്പുകളിലായി 65 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇരുപത് വർഷം വീതം മൂന്നു വകുപ്പുകളിലായി 60 വർഷവും മറ്റു രണ്ടു വകുപ്പുകളിലായി 5 വർഷവുമാണ് തടവ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 20 വർഷമേ പ്രതിക്ക് തടവിൽ കഴിയേണ്ടതുള്ളു.
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി തന്റെ വീട്ടിലെ അടുക്കളയിൽ വെച്ച് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് കേസ്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ അതിജീവിതക്ക് നൽകാനും വിധിയായി. സി.ഐമാരായ സുജിത്, എം. ജയേഷ് ബാലൻ, എസ്.ഐ അനീഷ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി പ്രോസിക്യൂഷനെ അസിസ്റ്റ് ചെയ്തു.