Trending

കാർഷിക അറിവുകൾ


🎋🌱🎋🌱🎋🌱🎋🌱


*🌴പച്ചക്കറികളിലെ നിമാവിരകളെ നിയന്ത്രിക്കാം🌴*

➿➿➿➿➿➿➿


```പച്ചക്കറിവിളകളുടെ വേരുപടലത്തിൽ കഴിഞ്ഞ് വളർച്ചയെ സാരമായി നശിപ്പിക്കുന്ന സൂക്ഷ്മ പരാദങ്ങളാണ് നിമാവിരകൾ. അനേകം കോശങ്ങളോട് കൂടിയ വളരെ നേർത്ത രൂപത്തിലുള്ള ഈ സസ്യപരാദങ്ങൾക്ക് 2 മില്ലിമീറ്ററിന് താഴെ നീളവും 0.05 മില്ലിമീറ്ററിന് താഴെ വ്യാസവും ഉണ്ട്. സൂക്ഷ്മദർശിനിയിൽ കൂടി മാത്രമേ ഇവയെ കാണാൻ കഴിയു. ഇവയിൽ ഏറ്റവും പ്രധാപ്പെട്ട നിമാവിരയാണ് വേരുബന്ധക നിമാവിര.


മെലഡോഗൈൻ ഇൻകോഗ്നിറ്റാ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവയിൽ ആൺ പെൺവ്യത്യാസം പ്രകടമാണ്. ആൺവിരകൾ നൂൽരൂപത്തിലും പെൺവിരകൾ നാരങ്ങയുടെ ആകൃതിയിലും കാണപ്പെടുന്നു. പ്രായപൂർത്തിയായ പെൺവിരകൾ ദേഹകവചത്തിനോട് ചേർന്ന സഞ്ചിയിൽ 300 മുതൽ 400 വരെ മുട്ടകൾ നിക്ഷേപിക്കുന്നു. 


മുട്ട വിരിഞ്ഞു പുറത്തുവരുന്ന രണ്ടാം ദശയിലുള്ള നിമാവിര കുഞ്ഞുങ്ങളാണ് ആക്രമണകാരി. ഇവയുടെ തലഭാഗത്ത് പൊള്ളയായ സൂചിപോലുള്ള സൂചിക എന്ന അവയവം ഉണ്ട്. ഇതുപയോഗിച്ചാണ് ഇവ സസ്യരസം ഊറ്റിക്കുടിക്കുന്നത്. തൽസമയംതന്നെ അവയുടെ ഉമിനീർ സസ്യകോശങ്ങളിലേക്ക് കുത്തിവയ്ക്കുകയും സസ്യകോശത്തെ ദ്രവരൂപത്തിലാക്കുകയും ചെയ്യുന്നു.

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

നിമാവിരയുടെ ഉമിനീരിലടങ്ങിയിരിക്കുന്ന എൻസൈമുകൾ സസ്യകോശങ്ങളിലെ മാംസ്യങ്ങളെ വിഘടിപ്പിക്കുകയും ഇൻഡോൾ അസറ്റിക് ആസിഡ്, സൈറ്റോകിനിൻ എന്നീ വളർച്ച ഹോർമോണുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇവയുടെ പ്രവർത്തന ഫലമായി കോശങ്ങൾ അമിതമായി വിഭജിക്കുകയും കോശങ്ങളുടെ വലിപ്പം വർധിക്കുകയും ചെയ്യുന്നു. 


വേരുകളിൽ ട്യൂമർ രൂപത്തിലുള്ള മുഴകൾ പ്രത്യക്ഷപ്പെടുന്നു. നിമാവിരകളുടെ ആക്രമണം മൂലമുണ്ടാകുന്ന മുഴകൾ ബാക്ടീരിയ നിമിത്തമുണ്ടാകുന്ന മുഴകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. റൈസോബിയം ബാക്ടീരിയ മൂലമുണ്ടാകുന്ന മുഴകൾ വേഗത്തിൽ അടർത്തി മാറ്റാൻ കഴിയും. എന്നാൽ നിമാവിരയുണ്ടാക്കുന്ന മുഴകൾ വേരിൽ നിന്ന് അടർത്തി മാറ്റാൻ കഴിയില്ല. മുഴ ബാധിച്ച ഭാഗങ്ങൾ ക്രമേണ അഴുകി നശിച്ചു പോകുന്നു.


വേരുബന്ധക നിമാവിരകളുടെ ആക്രമണം തക്കാളി, പയർ, പാവൽ, വെണ്ട, വഴുതന, കാബ്ലേജ്, ക്വാളിഫ്ളവർ, കാരറ്റ് എന്നീ പച്ചക്കറി വിളകളിൽ വേരുകളുടെ സ്വാഭാവിക പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. വേരുകൾക്ക് യഥാവിധി ജലവും ലവണങ്ങളും വലിച്ചെടുക്കാൻ കഴിയാതെ വരുന്നു. ചെടികളുടെ വളർച്ച മുരടിക്കുകയും ശിഖരങ്ങൾ കുറയുകയും ഇലകൾ മഞ്ഞ നിറമാവുകയും ചെയ്യുന്നു. 


മഞ്ഞളിപ്പും വളർച്ച മുരടിപ്പും ബാധിച്ച നിമാവിരബാധയേറ്റ ചെടികളെ കണ്ടാൽ പോഷകാഹാരക്കുറവായി കർഷകർ തെറ്റിദ്ധരിക്കാറുണ്ട്. നിമാവിരകളുടെ ക്രമരഹിതമായ വ്യാപനം മൂലം രോഗലക്ഷണം പ്രകടമാക്കുന്ന ചെടികൾ അങ്ങിങ്ങായി ക്രമരഹിതമായി വളരുന്നു. മണ്ണിൽ ചെടിയുടെ വളർച്ചക്കാവശ്യമായ ഈർപ്പം ഉണ്ടെങ്കിലും നിമാവിര ബാധിച്ച ചെടികൾ പകൽസമയത്ത് വാടുന്നു. 

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

പോളി ഹൗസുകളിൽ കൃഷിചെയ്യുന്ന പച്ചക്കറിവിളകളിൽ നിമാവിരയുണ്ടാക്കുന്ന മുറിവുകളിൽകൂടി രോഗകാരികളായ കുമിളുകളും ബാക്ടീരിയകളും പ്രവേശിച്ച് പൂർണ വിളനാശം ഉണ്ടാക്കുന്നു.


വേരുബന്ധക നിമാവിര കഴിഞ്ഞാൽ പച്ചക്കറിവിളകളിൽ വളരെ ഏറെ നാശനഷ്ടം ഉണ്ടാക്കുന്ന നിമാവിരയാണ് വൃക്ക നിമാവിര. അർദ്ധ ആന്തരിക പരാദങ്ങളായ ഇവ തക്കാളി, വഴുതന, വെണ്ട, പയർവർഗവിളകൾ എന്നിവയെ ആക്രമിക്കുന്നു. വേരുകളിലും മണ്ണിലുമായി ജീവിതചക്രം പൂർത്തിയാക്കുന്ന ഈ പരാദം 24 മുതൽ 30 ദിവസം കൊണ്ട് ഒരു ജീവിതചക്രം പൂർത്തിയാക്കുന്നു. 


ഇവയുടെ ആക്രമണം മൂലം വിത്തുകളുടെ അങ്കുരം താമസിക്കുകയും തെകളുടെ പൊതു ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യുന്നു. ഈ നിമാവിരകൾ ഉണ്ടാക്കുന്ന മുറിവുകളിൽ കൂടി വേരിനുള്ളിൽ പ്രവേശിക്കുന്ന ബാക്ടീരിയയും കുമിളുകളും ചെടികളിൽ വാട്ടരോഗമുണ്ടാക്കുന്നു. ഇവ കൂടാതെ ബാഹ്യപരാദങ്ങളായ സർപ്പിള നിമാവിര, ചെടി മുരടിപ്പൻ നിമാവിര (സ്റ്റണ്ട് നിമാവിര), ചുരിക നിമാവിര (ഡാഗർ നിമാവിര) എന്നിവയും പച്ചക്കറി വിളകളുടെ വേരുകളിൽ നിന്ന് നീരൂറ്റിക്കുടിച്ചു വളർച്ച മുരടിപ്പിക്കുന്നു.


 നിമാവിരകളുടെ എണ്ണം 2 മുതൽ 4 വരെ ഗ്രാം മണ്ണിൽ എന്ന പരിധിയിൽ കവിയുമ്പോൾ വിളകൾക്ക് ഉപദ്രവകരമാകുന്നു. ആക്രമണ വിധേയമായ പച്ചക്കറിവിളകളുടെ വേരുകളും വേരുപടലത്തിനു ചുറ്റുമുള്ള മണ്ണും പരിശോധിച്ച് ഇവയുടെ ആധിക്യം മനസിലാക്കാം. മണ്ണിൽ ഇവയുടെ സംഖ്യ ക്രമാതീതമായി പെരുകാതിരിക്കാൻ താഴെപ്പറയുന്ന നിയന്ത്രണ മാർഗങ്ങൾ കർഷകർക്ക് സ്വീകരിക്കാവുന്നതാണ്.

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

◼️കൃഷിയിടം തയ്യാറാക്കുമ്പോൾ നിലം നന്നായി ഉഴുത് കുറഞ്ഞത് ഒരാഴ്ചയെങ്കിലും വെയിൽ കൊള്ളാൻ അനുവദിച്ചാൽ നിമാവിരയുടെ വർദ്ധനവ് നിയന്ത്രിക്കാം.


◼️ആതിഥേയ വിളയല്ലാത്ത സസ്യവിളകൾ ഉപയോഗിച്ചുള്ള വിളപരിക്രമണവും കളനിയന്ത്രണവും ഒരു പരിധിവരെ ഇവ പെരുകാതെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കും.


◼️നഴ്സറികളിൽ വേപ്പിൻപിണ്ണാക്ക് ഒരു ചതുരശ്രമീറ്ററിന് 200 ഗ്രാം എന്ന തോതിൽ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്.


◼️നഴ്സറികളിൽ സൂര്യതാപീകരണം നടത്തുക. വേനൽക്കാലത്ത് മൂന്നാഴ്ചയോളം ഉഴുതിടുന്നതും നിലത്ത് വെള്ളം സ്പ്രേ ചെയ്തതിനു ശേഷം 150 ഗാജ് കട്ടിയുള്ള പോളിത്തീൻ ഷീറ്റ് ഉപയോഗിച്ച് വായുകടക്കാത്ത രീതിയിൽ നഴ്സറി മൂടിക്കെട്ടി വയ്ച്ച് രണ്ടു മൂന്നാഴ്ച സൂര്യതാപമേൽപ്പിക്കുന്നതും നിമാവിരകളെ നശിപ്പിക്കുന്നതിന് ഫലപ്രദമാണ്. നഴ്സറി തടങ്ങളിലെ ചൂട് അന്തരീക്ഷ ഊഷ്മാവിനെക്കാൾ 5-10°Cനു മുകളിൽ വർദ്ധിക്കുകയും തൽഫലമായി നിമാവിരകളും അവയുടെ മുട്ടകളും നശിച്ചു.പോവുകയും ചെയ്യുന്നതാണ്.


◼️വേനൽക്കാലത്ത് ജൈവ നിമവിരനാശിനികളായ ട്രൈക്കോഡർമ, സുഡോമോണാസ് ഫ്ളൂറസൻസ്, പർപ്പറിയോസില്ലിയം ലിലാസിയം എന്നിവയിൽ ഏതെങ്കിലുമൊന്ന് ചതുരശ്രമീറ്ററിന് 25 ഗ്രാംഎന്ന തോതിൽ 1 കിലോ ഉണക്ക ചാണകപ്പൊടിയിൽ ചേർത്ത് നഴ്സറി തടങ്ങളിൽ ഉപയോഗിക്കുന്നത് ഫലപ്രദമാണ്.


◼️പച്ചക്കറിയിലെ നിമാവിരനിയന്ത്രണത്തിനായി വിത്തു പാകുന്നതിന് രണ്ടാഴ്ച മുമ്പു ചെറുതായി മുറിച്ച ക്യാബേജ്, ക്വാളിഫ്ളവർ ചെടികളുടെ അവശിഷ്ടങ്ങൾ മണ്ണിൽ ചേർത്ത് നനച്ച ശേഷം വായു കടക്കാത്ത രീതിയിൽ പോളിത്തീൻ ഷീറ്റു കൊണ്ട് മൂടി ജൈവധൂമികരണം നടത്തുക.


◼️വെണ്ടയുടെ വേരുബന്ധകനിമാവിരയെ നിയന്ത്രിക്കുന്നതിന് പെസിലോമൈസസ് ലൈലാസിനസ്/ട്രൈക്കോഡെർമ ബാർസിയാനം എന്ന കുമിൾ (ചോക്കുപൊടിയിൽ വളർത്തിയത്) 20 ഗ്രാം ഒരു കിലോ വിത്തിന് എന്ന അളവിൽ വിത്തു പരിചരണം നടത്തുന്നതും പെസിലോമെസസ് ലൈലാസിനസ് ട്രൈക്കോഡെർമ ഹാർസിയാനം എന്ന കുമിളുകൾ ഒരു ഹെക്ടറിന് 2.5 കിലോ എന്ന തോതിൽ 2.5 ടൺ കാലിവളവുമായി ചേർത്ത് മണ്ണിൽ ഇടുന്നതും ഫലപ്രദമാണ്.

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

◼️നഴ്സറികളിൽ പറിച്ചു നടുന്നതിനു മുൻപായി തൈകളുടെ വേരുഭാഗം 2 ശതമാനം മേൽ പറഞ്ഞ ഏതെങ്കിലും ജൈവനിമാവിരനാശിനിയിൽ (ട്രൈക്കോഡർമ, സ്യൂഡോമോണാസ് ഫ്ളൂറസൻസ്, പർപ്പ്യൂറിയോസില്ല ലിലാസിയം) ഒരു മണിക്കൂർ മുക്കി വച്ചതിനുശേഷം കൃഷിയിടങ്ങളിൽ നടുന്നതുമൂലം നിമവിരകളുടെ ആക്രമണത്തിൽനിന്നും ചെടികളെ സംരക്ഷിക്കാവുന്നതാണ്.


◼️തൈകൾ പറിച്ചു നടുന്നതിന് മൂന്നാഴ്ചക്ക് മുന്നോടിയായി കൃഷിയിടത്തിൽ വേപ്പില അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല ഹെക്ടർ ഒന്നിന് 15 ടൺ എന്ന തോതിൽ ചേർത്തിളക്കി കൊടുക്കുക.


◼️തൈകൾ പറിച്ച് നടുന്നതിന് രണ്ടാഴ്ചക്ക് മുൻപ് ചതുരശ്രമീറ്ററിന് 100 ഗ്രാം വേപ്പിൻപിണ്ണാക്ക് മണ്ണിൽ യോജിപ്പിക്കുന്നത് നിമാവിരകളെ നിയന്ത്രിക്കുന്നതിന് ഫലവത്താണ്.


◼️തൈകൾ നട്ടതിനു ശേഷം മേൽ സൂചിപ്പിച്ച ജൈവനിമാവിരനാശിനികളിൽ ഏതെങ്കിലുമൊന്ന് ചതുരശ്രമീറ്ററിന് 50 ഗ്രാം എന്ന തോതിൽ ഉണക്ക ചാണകപ്പൊടിയിൽ യോജിപ്പിച്ചതിനുശേഷം മണ്ണിൽ ചേർത്തിളക്കി കൊടുക്കുക.


◼️വേപ്പധിഷ്ഠിതമായ വേപ്പിൻപിണ്ണാക്ക്, വേപ്പിൻകുരു, വേപ്പില എന്നിവ മണ്ണിലിടുന്നതു വഴിയും നിമാവിരകളെ നിയന്ത്രിക്കാം. വേപ്പിൻ പിണ്ണാക്ക് സൂക്ഷ്മജീവികളുടെ പ്രവർത്തനത്താൽ വിഘടിക്കുന്നതിന്റെ ഫലമായി നിമാവിരകളെ നശിപ്പിക്കുന്ന ഘടകങ്ങൾ മണ്ണിലുണ്ടാകുന്നു. കൂടാതെ കുമിളുകളെയും ബാക്ടീരിയകളെയും ആശ്രയിക്കുന്ന ഉപകാരികളായ നിമാവിരകളുടെ എണ്ണം വർദ്ധിക്കുകയും മണ്ണ് വളക്കൂറുള്ളതായി മാറുകയും ചെയ്യുന്നു.```


കടപ്പാട് : ഓൺലൈൻ

🎋🌱🎋🌱🎋🌱🎋🌱

➿➿➿➿➿➿➿

*🦋അനൂപ് വേലൂർ🦋*

➿➿➿➿➿➿➿

Post a Comment

Previous Post Next Post