ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപ്പാത സാമൂഹിക ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് തയാറാക്കാൻ കോഴിക്കോട് കലക്ടർ നിയമിച്ച വിദഗ്ധ സംഘം മറിപ്പുഴ സന്ദർശിച്ച് പ്രദേശവാസികളുമായി ചർച്ച നടത്തി. സാമൂഹിക ആഘാത പഠനത്തിന് നേരത്തെ സർക്കാർ നിയോഗിച്ച ഏജൻസിയായ കണ്ണൂർ അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജ് ഇത് സംബന്ധിച്ച് റിപ്പോർട്ട് കലക്ടർക്ക് സമർപ്പിച്ചിരുന്നു .ഇതിന്റെ അടിസ്ഥാനത്തിൽ ആണ് കലക്ടർ വിദഗ്ധ സമിതിയെ നിയമിക്കുകയും അവർ സന്ദർശനം നടത്തുകയും ചെയ്തത്. പദ്ധതി പ്രദേശത്തെ 26 പേരുടെ 11.1586 ഹെക്ടർ സ്ഥലം തുരങ്കപാതയ്ക്ക് വേണ്ടി ഏറ്റെടുക്കേണ്ടിവരും.
പ്രദേശത്തെ ജനങ്ങളുടെ സഹകരണത്തോടെ അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി തുരങ്ക പാത നിർമാണത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇതിനുള്ള അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും സമിതി സൂചിപ്പിച്ചു. വിവിധ വകുപ്പുകൾ സ്ഥലം ഏറ്റെടുക്കുന്ന ജനങ്ങളുടെ യോഗം വിളിച്ച് തുടർ നടപടികൾ സ്വീകരിക്കും. തുരങ്കപാത ആരംഭിക്കുന്ന പ്രദേശത്തേക്കുള്ള അനുബന്ധ റോഡ് നിർമിക്കേണ്ട സ്ഥലവും വിദഗ്ധ സംഘം സന്ദർശിച്ചു.
വിദഗ്ധ സംഘത്തിലെ ഡപ്യൂട്ടി കലക്ടർ പി.പി. ശാലിനി, സ്പെഷൽ തഹസിൽദാർ സണ്ണി ജോർജ് , സമിതി ചെയർമാൻ അസി. എൻജിനീയർ ഐ.കെ. മിഥുൻ, സി.ടി. രേഷ്മ ദാസ്, പി.ടി. ബിന്ദു, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിൽ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് എന്നിവർക്കൊപ്പം കൊങ്കൺ റെയിൽവേ ഉദ്യോഗസ്ഥനായ പി.മുരളീധർ , കോടഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അംഗം സിബി ചിരണ്ടായത്ത്, തിരുവമ്പാടി പഞ്ചായത്ത് അംഗം മഞ്ചു ഷിബിൻ എന്നിവരും ഉണ്ടായിരുന്നു.