കട്ടിപ്പാറ: നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കലിലെ കുഞ്ഞു കൂട്ടുകാർക്ക് ശുദ്ധജലം ആവോളം കുടിക്കാൻ അത്യാധുനിക വാട്ടർ പ്യൂരിഫയർ സമ്മാനിച്ച് ' ടെൻഡർ ലീഫ്' ടീം. ഇന്ന് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. മിൽട്ടൻ മുളങ്ങാശ്ശേരി പ്യൂരിഫയറിൻ്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.
സ്കൂളിലെ എല്ലാ കുട്ടികൾക്കും ആവശ്യാനുസരണം ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് പൂർണ്ണമനസോടെ കൂട്ടായി നിന്നു കൊണ്ട് സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകിയ ടെൻഡർ ലീഫ് സംഘടന എല്ലാ മേഖലയിലുള്ളവർക്കും മാതൃകയാണെന്ന് പ്രധാനാധ്യാപിക ചിപ്പി രാജ് പറയുകയുണ്ടായി. ചടങ്ങിൽ മുഖ്യാഥിതിയായി എത്തിയ ടെൻഡർ ലീഫ് ഡയറക്ടർ അമല വർഗീസ് എല്ലാ മേഖലയിലും വിജയം കൈവരിക്കുന്ന നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കലിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
