തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം, നാളെ മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
നാളെ ഏഴു ജില്ലകളിലും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നാലും ജില്ലകളിളും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ തിങ്കളാഴ്ചയാണ് അലർട്ട് പ്രഖ്യാപിച്ചിട്ടുളളത്.
ചൊവ്വാഴ്ചയും ബുധനാഴ്ചയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബിഹാറിനു മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദവും രാജസ്ഥാന് മുകളിലെ ചക്രവാത ചുഴിയുമാണ് മഴയ്ക്ക് കാരണം. മഴയ്‌ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം ഉയർന്ന തിരമാലയെ തുടർന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു.
