Trending

ബസിലെ ലൈംഗികാതിക്രമ ആരോപണം: യുവാവ് ജീവനൊടുക്കിയ കേസിൽ വീഡിയോ പകർത്തിയ ഷിംജിത മുസ്തഫ ഒളിവിൽ.




കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ, വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഷിംജിത മുസ്തഫ ഒളിവിൽ പോയതായി സൂചന.

വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ദീപക്കിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ യുവതി ഒളിവിൽ പോയതായാണ് പൊലീസ് പറയുന്നത്.
യുവതിക്കായി മെഡിക്കൽ കോളേജ് പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തുന്നതിനും യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
ഇന്നലെ വൈകിട്ടോടെ പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴികൾ രേഖപ്പെടുത്തി. ആരോപണം വ്യാജമാണെന്നും, വീഡിയോ പ്രചരിച്ചതിനെ തുടർന്ന് മകൻ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post