എറണാകുളം: ഫെയ്സ് ക്രീം കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ അമ്മയെ കമ്പിപ്പാരകൊണ്ട് ക്രൂരമായി മർദ്ദിച്ച മകളെ പൊലീസ് പിടികൂടി. പനങ്ങാട് സ്വദേശിനിയായ സരസുവിനാണ് മകൾ നിവ്യയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
നിവ്യ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഫെയ്സ് ക്രീം കാണാതായതിനെ തുടർന്ന് അത് അമ്മ എടുത്ത് മാറ്റിവച്ചുവെന്നാരോപിച്ചാണ് മർദ്ദനം ആരംഭിച്ചത്. കമ്പിപ്പാര ഉപയോഗിച്ചുള്ള ആക്രമണത്തിൽ സരസുവിന്റെ വാരിയെല്ല് തകർന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ സരസുവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സരസുവിന്റെ പരാതിയെ തുടർന്ന് നിവ്യയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. തുടർന്ന് നിവ്യ നാട്ടിൽ നിന്നും മുങ്ങി. ഒടുവിൽ വയനാട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
കൊലപാതകവും കഞ്ചാവ് കേസുകളും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് നിവ്യയെന്ന് പൊലീസ് അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ സരസുവിന് നേരെയുണ്ടായ ആക്രമണത്തിൽ ഗുണ്ടാ ആക്ട് പ്രകാരം നിവ്യയ്ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
