Trending

താമരശ്ശേരിയിൽ വീടുമാറി ‘കൂടോത്രം’; സിസിടിവിയിൽ കുടുങ്ങി മന്ത്രവാദി



താമരശ്ശേരി : ഗൾഫിൽ അധ്വാനിച്ച് സമ്പാദിച്ച പണംകൊണ്ട് നിർമിച്ച വീടും സ്വത്തുക്കളും ഭാര്യ തന്റെ പേരിലാക്കി, ഗാർഹികാതിക്രമത്തിന് പരാതി നൽകിയതിനെ തുടർന്ന് വീട്ടിൽ കയറാൻ കഴിയാതായ ഭർത്താവ് കുടുംബപ്രശ്നം തീർക്കാൻ മന്ത്രവാദിയെ സമീപിച്ച സംഭവം താമരശ്ശേരിയിൽ വിവാദമായി. ഭർത്താവ് ഏൽപ്പിച്ച ‘കൂടോത്രം’ ചെയ്യാനെത്തിയ ആളാണ് വീടുമാറി മറ്റൊരു വീട്ടുപറമ്പിൽ കൂടോത്രസാധനങ്ങൾ നിക്ഷേപിക്കാൻ ശ്രമിച്ചത്.
സംഭവം ബുധനാഴ്ച വൈകീട്ട് താമരശ്ശേരി ചുങ്കം ചെക്‌പോസ്റ്റിന് സമീപമാണ് നടന്നത്. ചുടലമുക്ക് സ്വദേശിയായ യുവാവാണ് ഈങ്ങാപ്പുഴ കരികുളം സ്വദേശിയായ സുനിൽ എന്നയാളെ ‘കൂടോത്രം’ ചെയ്യുന്നതിനായി സമീപിച്ചത്.
ഉദ്ദേശിച്ച വീടിനു പകരം ചുങ്കം മുട്ടുകടവിലെ മറ്റൊരു വീട്ടിലാണ് ഇയാൾ എത്തിയത്. വൈകീട്ട് മൂന്നുമണിയോടെ വീട്ടിലെത്തിയ ഇയാൾ, വീട്ടുമുറ്റത്ത് ആരെയും കാണാത്തതിനെ തുടർന്ന് ചാരിയിട്ട ഗേറ്റ് തുറന്ന് അകത്ത് കയറി സമീപത്തെ തെങ്ങിൻതൈയുടെ അടിയിൽ കൈയിൽ കരുതിയ കടലാസിൽ നിന്നുള്ള പൊടികളും മറ്റും വിതറി തിരികെ പോകാൻ ശ്രമിച്ചു.
ഇതിനിടെ സിസിടിവി ക്യാമറയിൽ ആൾസാന്നിധ്യം കണ്ടെത്തിയതിന്റെ മുന്നറിയിപ്പ് ശബ്ദം കേട്ട് സ്ക്രീൻ പരിശോധിച്ച വീട്ടുടമയുടെ മകൾ, നീല ഷർട്ടും വെള്ളമുണ്ടും ധരിച്ച് തോളിലൊരു ബാഗുമായി ഒരാൾ മുറ്റത്ത് എന്തോ ചെയ്യുന്നത് ശ്രദ്ധിച്ചു. പെൺകുട്ടി ഉടൻ അമ്മയെ വിവരമറിയിച്ചു.
കൂടോത്രമാണെന്ന സംശയം തോന്നിയതോടെ അമ്മയും മകളും സ്കൂട്ടറിൽ ഇയാളെ പിന്തുടർന്നു. താമരശ്ശേരി ചുങ്കം ചെക്‌പോസ്റ്റിന് സമീപം ബസ് കയറാൻ നിൽക്കുന്ന ഇയാളെ കണ്ടെത്തി നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവെച്ചു. തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
ചോദ്യംചെയ്യലിൽ ഏൽപ്പിച്ച വീടുമാറിപ്പോയതാണെന്ന് ഇയാൾ സമ്മതിച്ചു. തുടർന്ന് ‘കൂടോത്രം’ ഏൽപ്പിച്ച യുവാവിനെയും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്ത ശേഷം ഇരുവർക്കും പോലീസ് താക്കീത് നൽകി വിട്ടയച്ചു.

Post a Comment

Previous Post Next Post