ബെംഗളൂരു: കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ സി ജെ റോയ് ബെംഗളൂരുവിൽ ജീവനൊടുക്കി. റിച്ച്മണ്ട് സർക്കിളിൽ സ്ഥിതിചെയ്യുന്ന അദ്ദേഹത്തിന്റെ ഓഫീസിലെ സ്വന്തം മുറിയിലാണ് സംഭവം നടന്നത്. സ്വന്തം തോക്ക് ഉപയോഗിച്ച് വെടിവെച്ചാണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് ലഭ്യമായ വിവരം.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വെടിയേറ്റ നിലയിൽ കണ്ടെത്തിയ റോയിയെ ഉടൻ തന്നെ സമീപത്തെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിന് തൊട്ടുമുമ്പ് നികുതി വെട്ടിപ്പ് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സി ജെ റോയിയുടെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപക പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന സംശയമാണ് ഉയരുന്നത്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
