താമരശ്ശേരി: ഒന്നര കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം താമരശ്ശേരി പോലീസ് പിടികൂടി. അടിവാരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 2,27,800 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിയിലായത്.
KA 12 C 5104 നമ്പർ മിനിലോറിയിൽ പച്ചക്കറി ലോഡിന്റെ മറവിൽ കടത്തിക്കൊണ്ടുവന്ന വിവിധ ബ്രാൻഡുകളിലുള്ള പുകയില ഉൽപ്പന്നങ്ങളാണ് പോലീസ് കണ്ടെത്തിയത്.
പച്ചക്കറി ചാക്കുകൾക്കടിയിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.
45,000 പാക്കറ്റ് ഹാൻസ്, 12,500 പാക്കറ്റ് കൂൾ, 60,000 പാക്കറ്റ് വി വൺ, 60,000 പാക്കറ്റ് വിമൽ, 25,000 പാക്കറ്റ് ഷിക്കാർ, 28,000 പാക്കറ്റ് എസ് എസ് വൺ എന്നിവയാണ് പിടിച്ചെടുത്തത്.
പാക്കറ്റുകളിൽ രേഖപ്പെടുത്തിയ മൊത്തം വില 10,78,500 രൂപയാണെങ്കിലും കേരളത്തിലെ ചില്ലറ വിപണിയിൽ ഒരു പാക്കറ്റിന് ഏകദേശം 60 രൂപ നിരക്കിൽ വിൽപ്പന നടക്കുന്നതിനാൽ പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾക്ക് ഒന്നര കോടിയിലേറെ രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ കർണാടകയിലെ വീരാജ്പേട്ട് കുടക് സ്വദേശി രമേഷ് (49) നെ പോലീസ് അറസ്റ്റ് ചെയ്തു. ലോറിയിലുണ്ടായിരുന്ന മറ്റൊരാളായ അനിൽകുമാർ പരിശോധനയ്ക്കിടെ രക്ഷപ്പെട്ടു.
മൈസൂരിൽ നിന്ന് മഞ്ചേരിയിലേക്ക് എത്തിക്കാനായി കൊണ്ടുവന്ന ചരക്കാണിതെന്ന് പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.