താമരശ്ശേരി: പഴയ സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കൂൾബാറിന് നേരെ ആക്രമണം. രാവിലെ 7 മണിയോടെയായിരുന്നു സംഭവം. പൂനൂർ കരിങ്കാളിമ്മൽ സ്വദേശിനി മിനിയുടെ ഉടമസ്ഥതയിലുള്ള “ലൈവ് കഫേ” എന്ന കൂൾബാറാണ് തകർത്തത്. കടയിലെ ജീവനക്കാരനായ ഷൈജൻ കട തുറക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.
പരപ്പൻപൊയിൽ സ്വദേശിയായ നാസർ എന്ന ആളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കടയിലെ ഫ്രിഡ്ജ്, ചില്ല് അലമാര, ഷോക്കേസ് എന്നിവ ഉൾപ്പെടെ നിരവധി സാധനങ്ങൾ ഇയാൾ എറിഞ്ഞുതകർത്തു.
ഒരാഴ്ച മുമ്പാണ് മിനി കട ഏറ്റെടുത്തത്.
ഇയാൾ മുമ്പും ഇതേ കടയിൽ ആക്രമണം നടത്തിയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ അന്നത്തെ കട നടത്തിപ്പുകാരൻ പരാതി നൽകാത്തതിനാൽ കേസെടുത്തിരുന്നില്ല.
സംഭവത്തിന് പിന്നിൽ ഒരു ബ്രേസ്ലെറ്റിനെ ചൊല്ലിയ തർക്കമാണെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ജനുവരി 14-ന് നാസറിന് കടയുടെ മുന്നിൽ നിന്ന് ഒരു ബ്രേസ്ലെറ്റ് ലഭിച്ചിരുന്നു. ആഭരണത്തിന്റെ ഉടമ എത്തുകയാണെങ്കിൽ തിരികെ നൽകണമെന്നാവശ്യപ്പെട്ട് അത് കട നടത്തിപ്പുകാരനെ ഏൽപ്പിക്കുകയും, വിവരം കടമുൻപിൽ എഴുതി പ്രദർശിപ്പിക്കണമെന്നും നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് കട നടത്തിപ്പുകാരനായിരുന്നയാൾ അതിന് തയ്യാറായില്ലെന്നാണ് വിവരം.
തുടർന്ന് നാസർ ഇടയ്ക്കിടെ കടയിൽ എത്തി ആഭരണത്തിന്റെ ഉടമ എത്തിയോയെന്ന് അന്വേഷിച്ചിരുന്നുവത്രെ. പിന്നീട് ആഭരണം കടക്കാരൻ വിറ്റുവെന്ന വിവരം ആരോ അറിയിച്ചതോടെ പ്രശ്നങ്ങൾ രൂക്ഷമായി. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ഫെബ്രുവരിയിൽ നാസർ കടയിൽ എത്തി അന്നത്തെ നടത്തിപ്പുകാരനായ ബിനീഷിനെ ആക്രമിക്കുകയും ചെവി കടിച്ചുമുറിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്നും പരാതിയില്ലാത്തതിനാൽ പോലീസ് കേസ് എടുത്തിരുന്നില്ല.
ഇന്നത്തെ സംഭവത്തിലും ആദ്യം സ്ഥലത്തെത്തിയ പോലീസിനോട് നാസർ അസഭ്യം പറഞ്ഞതായാണ് വിവരം. പോലീസ് മടങ്ങിയതിന് ശേഷം ഇയാൾ വീണ്ടും കടയ്ക്ക് നേരെ കല്ലെറിയുകയും, തുടർന്ന് പോലീസ് സ്റ്റേഷനു സമീപത്ത് എത്തി നഗ്നതാപ്രദർശനം നടത്തുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു. പിന്നീട് വീണ്ടും കടമുൻപിൽ എത്തി “കട തുറക്കാൻ അനുവദിക്കില്ല” എന്ന് വെല്ലുവിളിക്കുകയും ചെയ്തു. തുടർന്ന് ബസിൽ കയറി ഇയാൾ സ്ഥലം വിടുകയായിരുന്നു.
സംഭവത്തിൽ കടയുടമ മിനി താമരശ്ശേരി പോലീസിൽ പരാതി നൽകി.