Trending

“മഴക്കാലത്ത് ജാഗ്രത അനിവാര്യം”; ചമലിൽ ശ്രദ്ധേയമായി മഴക്കാലരോഗ ബോധവൽക്കരണ ക്ലാസ്



താമരശ്ശേരി: മഴക്കാലത്ത് പടരുന്ന പകർച്ചവ്യാധികൾക്കെതിരെ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആഹ്വാനം ചെയ്ത് ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ മഴക്കാലരോഗ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചമലിലെ അംബേദ്കർ സാംസ്‌കാരിക നിലയം ഓഡിറ്റോറിയത്തിൽവെച്ച് നടന്നു .

ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണത്തിൽ പൊതുജന ബോധവൽക്കരണ പരിപാടികൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും, മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ശുചിത്വവും മുൻകരുതലുകളും നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക നിലയം പ്രസിഡന്റ് കെ.വി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. റിട്ട. താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ബാസ് കെ. മുഖ്യ പ്രഭാഷണം നടത്തി. ഡെങ്കിപ്പനി, എലിപ്പനി, വൈറൽ പനി, ജലജന്യ രോഗങ്ങൾ തുടങ്ങിയ മഴക്കാലത്ത് സാധാരണയായി പടരുന്ന രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യം എന്നിവയെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.

വീടുകളും പരിസരങ്ങളും ശുചിയായി സൂക്ഷിക്കുക, കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക, തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഉടൻ ചികിത്സ തേടുക തുടങ്ങിയ നിർദേശങ്ങളും ക്ലാസിൽ പങ്കുവെച്ചു.

വാർഡ് മെമ്പർ ശ്രീജില ശ്രീജിത്ത്‌, സാംസ്‌കാരിക നിലയം സെക്രട്ടറി ജോബിഷ് പി.കെ, എ.ടി ബാലൻ, കെ.വി അനിൽകുമാർ, കെ.പി രാജൻ, ഷീലത വിജയൻ, ഗോകുൽ ചമൽ എന്നിവർ ആശംസകൾ അറിയിച്ചു. 

ബൈജുക്കുട്ടൻ, സുരേഷ് കെപി, മിനി നാരായണൻകുട്ടി , നിഷ അയ്യപ്പൻ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post