താമരശ്ശേരി: സ്കൂളിൽ ചില വിദ്യാർത്ഥികൾ മദ്യം ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അധ്യാപകർ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന വാട്ടർബോട്ടിലിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ചമൽ പ്രദേശത്ത് നിന്ന് 28 ലിറ്റർ വാറ്റ് ചാരായം പോലീസ് പിടിച്ചെടുത്തത്.
സ്കൂൾ അധികൃതർ നടത്തിയ പരിശോധനയിൽ ചാരായം കണ്ടെത്തിയതിനെ തുടർന്ന് പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോൾ സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിയാണ് ഇത് എത്തിച്ചു നൽകിയതെന്ന് വ്യക്തമായി. കൂടുതൽ അന്വേഷണത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ വാറ്റ് ചാരായം എത്തിച്ചുനൽകുന്നുണ്ടെന്ന വിവരവും പുറത്തുവന്നു. ഇതോടെ സ്കൂൾ അധികൃതർ വിവരം താമരശ്ശേരി പോലീസിനെ അറിയിച്ചു.
പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ തന്റെ രണ്ടാനച്ചൻ വീട്ടിൽ നാടൻ ചാരായം വാറ്റാറുണ്ടെന്നും അതിന് സഹായിക്കാൻ തന്നെ വിളിക്കാറുണ്ടെന്നും വിദ്യാർത്ഥി മൊഴി നൽകി. ചാരായം സൂക്ഷിച്ചിരുന്ന സ്ഥലത്തെക്കുറിച്ചും പോലീസിന് നിർണായക വിവരം ലഭിച്ചു.
തുടർന്ന് കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ പ്രദേശത്ത് വിദ്യാർത്ഥിയുടെ വീടിന് സമീപമുള്ള തോട്ടത്തിൽ നടത്തിയ പരിശോധനയിൽ 56 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 28 ലിറ്റർ വാറ്റ് ചാരായം പോലീസ് കണ്ടെടുത്തു. എന്നാൽ പ്രധാന പ്രതിയായ വാറ്റുകാരനെ പിടികൂടാൻ സാധിച്ചില്ല
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. വിദ്യാർത്ഥികൾക്ക് മദ്യം ലഭിച്ച സാഹചര്യവും വിതരണ ശൃംഖലയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.