കൊടുവള്ളി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊടുവള്ളി പോലീസ് മാനിപുരം ഒതയോത്ത് നടത്തിയ പരിശോധനയിൽ ചില്ലറ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 102 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മാനിപുരം ഒതയോത്ത് കിണറ്റ്യാരക്കണ്ടി സുർജിത് (48)യെ പോലീസ് അറസ്റ്റ് ചെയ്തു.
ഫോണിൽ വിളിക്കുന്ന ആവശ്യക്കാർക്ക് നേരിട്ട് മദ്യം എത്തിച്ചുനൽകുന്ന രീതിയിലായിരുന്നു പ്രതിയുടെ പ്രവർത്തനമെന്ന് പോലീസ് അറിയിച്ചു. ഒരു ലിറ്റർ, 500 മില്ലി, 375 മില്ലി, 180 മില്ലി ലിറ്റർ അളവുകളിലുള്ള വിവിധ ബ്രാൻഡുകളിലെ മദ്യക്കുപ്പികളാണ് പരിശോധനയിൽ കണ്ടെത്തിയത്.
പ്രതിയെ ഇന്ന് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
കൊടുവള്ളി സി.ഐ. ജയപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ. സജു സി.സി., എ.എസ്.ഐമാരായ സപ്നേഷ്, ശ്രീജേഷ്, ഷീജ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, ശ്രീനിഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തത്.