Trending

ചമലിൽ വീണ്ടും എക്സൈസിന്റെ വ്യാപക റെയ്ഡ്; 460 ലിറ്റർ വാഷും 40 ലിറ്റർ വ്യാജചാരായവും പിടികൂടി

താമരശ്ശേരി: ചമലിൽ  വ്യാജചാരായ നിർമാണവും വിൽപ്പനയും വീണ്ടും സജീവമായെന്ന വിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് സർക്കിളും റെയിഞ്ചും സംയുക്തമായി നടത്തിയ വ്യാപക പരിശോധനയിൽ 460 ലിറ്റർ വാഷും 40 ലിറ്റർ വ്യാജചാരായവും പിടിച്ചെടുത്തു. സംഭവത്തിൽ കേസെടുത്തതായി എക്സൈസ് അധികൃതർ അറിയിച്ചു.

ചമൽ, കേളൻമൂല, എട്ടേക്ര , പൂവൻമല, കട്ടിപ്പാറ എന്നീ പ്രദേശങ്ങളിലെ വനമേഖലകളിലും മലയോര പ്രദേശങ്ങളിലുമായി ഇന്ന് രാവിലെ മുതൽ വൈകീട്ട് വരെ നീണ്ടുനിന്ന റെയ്ഡിലാണ് അനധികൃത മദ്യനിർമാണത്തിനായി സൂക്ഷിച്ചിരുന്ന വാഷും വ്യാജചാരായവും കണ്ടെത്തിയത്.

താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സന്തോഷ്, താമരശ്ശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ വിപിൻ ഇ.പി. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) ഷംസുദ്ദീൻ കെ., സജു എസ്., പ്രിവന്റീവ് ഓഫീസർമാരായ അജീഷ് ടി.ബി., ബിനീഷ് കുമാർ, ഷാജു സി.ജി., സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ് പി.ജെ., നൗഷീർ ടി.വി., വിപിൻ, ഷാഹുൽ, സിവിൽ എക്സൈസ് ഓഫീസർ-ഡ്രൈവർ ബവിൻ എന്നിവരും പങ്കെടുത്തു.

പ്രദേശങ്ങളിൽ വ്യാജചാരായ നിർമാണവും വിൽപ്പനയും തടയുന്നതിനായി പകൽ-രാത്രി പരിശോധനയും നിരീക്ഷണവും ശക്തമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. മുൻകാല കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കും. അനധികൃത മദ്യനിർമാണത്തിലും വിൽപ്പനയിലും ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Post a Comment

Previous Post Next Post