Trending

'നമ്മുടെ സ്വപ്നം ചമലിനൊരു കളിസ്ഥലം'; ജനകീയ കൂട്ടായ്മയും കമ്മറ്റി രൂപീകരണവും നടത്തി.

താമരശ്ശേരി: ചമൽ പ്രദേശത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സമഗ്ര കായിക സമുച്ചയം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'നമ്മുടെ സ്വപ്നം ചമലിനൊരു കളിസ്ഥലം' എന്ന ജനകീയ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 51 അംഗ കമ്മിറ്റി രൂപീകരിച്ചു.

ചുണ്ടൻകുഴി വാർഡ് മെമ്പർ കെ.സി. ലെനിൻ അധ്യക്ഷനായ യോഗത്തിൽ പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനരീതിയും ഹാസിഫ് ചുണ്ടൻകുഴി വിശദീകരിച്ചു. ചമൽ പ്രദേശത്തിന് ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സമഗ്ര സ്പോർട്സ് കോംപ്ലക്സ് യാഥാർഥ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ എന്നിവയ്ക്കായി പ്രത്യേക ഗ്രൗണ്ടുകളും കോർട്ടുകളും, അത്ലറ്റിക് ട്രാക്ക്, സ്വിമ്മിംഗ് പൂൾ, ഓപ്പൺ ജിം എന്നിവ ഉൾക്കൊള്ളുന്ന ബഹുമുഖ കായിക കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്. കുട്ടികൾക്കും യുവജനങ്ങൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായതായി ഹാസിഫ് ചുണ്ടൻകുഴി അറിയിച്ചു. കളിസ്ഥലത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ഭൂമിക്ക് അഡ്വാൻസ് തുക നൽകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇനി ജനകീയ സഹകരണത്തോടെയും പ്രവാസികളുടെയും സന്നദ്ധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെയും പദ്ധതി ഘട്ടംഘട്ടമായി യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ചമലിലെയും സമീപ പ്രദേശങ്ങളിലെയും കായിക പ്രതിഭകൾക്ക് മികച്ച പരിശീലന സൗകര്യം ഒരുക്കുക, പുതുതലമുറയെ കായികരംഗത്തേക്ക് കൂടുതൽ ആകർഷിക്കുക, ലഹരിവിരുദ്ധ സന്ദേശം ശക്തിപ്പെടുത്തുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.


ചടങ്ങിൽ നാലാം വാർഡ് മെമ്പർ സൗമ്യ പ്രജീഷ്, അമൃതസാഗർ, ബിജു കണ്ണന്തറ, കെ.വി. അനിൽകുമാർ, എൻ.പി. കുഞ്ഞാലിക്കുട്ടി, കെ.വി. സെബാസ്റ്റ്യൻ, ചന്ദ്രബോസ്, എ.ടി. ബാലൻ, രതീഷ് പി.എസ്., ഫാസിൽ താലോലം , വിഷ്ണു ചുണ്ടൻകുഴി, സന്തോഷ് വെണ്ടേക്കുംചാൽ, ബോബിലാൽ, ഹുസൈൻ ചുണ്ടൻകുഴി, ജിതുകൃഷ്ണ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചമലിലെ കുട്ടികൾക്കും യുവജനങ്ങൾക്കും മികച്ച കായിക സൗകര്യങ്ങൾ ഒരുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, ചമലിന് ഒരു ആധുനിക കായിക സമുച്ചയം യാഥാർഥ്യമാക്കാൻ ഈ ജനകീയ സംരംഭത്തിന് നാടിന്റെ മുഴുവൻ പിന്തുണയും ഉണ്ടാകണമെന്നും അവർ അഭിപ്രായപ്പെട്ടു.

യോഗത്തിൽ വിവേക് കെ.പി. സ്വാഗതവും രതീഷ് പി.എം. നന്ദിയും രേഖപ്പെടുത്തി. തുടർന്ന് 51 അംഗ കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികൾ:
ചെയർമാൻ: കെ.സി. ലെനിൻ
കൺവീനർ: ഹാസിഫ് ചുണ്ടൻകുഴി
ട്രഷറർ: മെഹ്റൂഫ്
വൈസ് ചെയർമാൻമാർ: വിഷ്ണു ചുണ്ടൻകുഴി, ജംഷാദ്, ജാബിർ
ജോയിന്റ് കൺവീനർമാർ: വിവേക് കെ.പി., വിപിൻ, കൃഷ്ണദാസ്
ജനകീയ പങ്കാളിത്തത്തോടെയും ശക്തമായ സാമൂഹിക പിന്തുണയോടെയും "നമ്മുടെ സ്വപ്നം ചമലിനൊരു കളിസ്ഥലം" എന്ന പദ്ധതി യാഥാർഥ്യമാക്കാനുള്ള പ്രതിജ്ഞയോടെയാണ് യോഗം സമാപിച്ചത്

Post a Comment

Previous Post Next Post