Trending

ചമലിൽ നടപ്പാതകൾ സുരക്ഷിതമല്ല; സംരക്ഷണ വേലി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിന് പരാതി നൽകി

കട്ടിപ്പാറ: മലയോര ഹൈവേയുടെ ഭാഗമായി നിർമിച്ച പെരുമ്പള്ളി–ചമൽ -കട്ടിപ്പാറ - പടിക്കൽവയൽ റോഡിലെ ചമൽ, ചുണ്ടൻകുഴി മേഖലകളിൽ നടപ്പാതകൾക്ക് മതിയായ സംരക്ഷണ വേലി ഇല്ലാത്തത് അപകടഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി ചമൽ നിവാസികൾ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നൽകി.

ചമൽ നിർമല യു.പി. സ്കൂൾ മുതൽ ചുണ്ടൻകുഴി മദ്രസ വരെ നിരവധി ഭാഗങ്ങളിൽ സംരക്ഷണ വേലി സ്ഥാപിച്ചിട്ടില്ല. ചമൽ അങ്ങാടിയിൽ മുഴുവൻ ഭാഗങ്ങളിലും വേലി ഇല്ലാത്തതിനാൽ കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും വലിയ ആശങ്കയാണ്.
നിർമല യു.പി. സ്കൂൾ, പാൽ സൊസൈറ്റി, റേഷൻ കട, അംബേദ്കർ ജംഗ്ഷൻ, ഗവൺമെന്റ് എൽ.പി. സ്കൂൾ, ചുണ്ടൻകുഴി മദ്രസ, ചുണ്ടൻകുഴി ജുമാ മസ്ജിദ് എന്നിവയ്ക്ക് സമീപവും സംരക്ഷണ വേലി സ്ഥാപിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.
ചുണ്ടൻകുഴി മുതൽ നിർമല യു.പി. സ്കൂൾ വരെയുള്ള നടപ്പാതകളിൽ പല ഭാഗങ്ങളിലും സ്ലാബുകൾ പൂർണമായി സ്ഥാപിക്കാത്തതിനാൽ വലിയ അപകടം ഭീഷണിയാണ് ഉള്ളത്.
കടകളിലേക്കും വീടുകളിലേക്കും പ്രവേശിക്കാൻ ഇട്ട സ്ലാബുകളിൽ വെള്ളം കെട്ടിക്കിടക്കുകയും വഴിയാത്രക്കാരും സ്കൂൾ കുട്ടികളും തെന്നിവീഴാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
ഇതുമൂലം പലരും നടപ്പാത ഒഴിവാക്കി റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. റോഡിന് വീതിയും വാഹനഗതാഗതവും കൂടുതലായതിനാൽ അപകടസാധ്യതയും വർധിച്ചിരിക്കുകയാണ്. ദേശീയപാതയിൽ നിന്ന് അമരാട്, വയലട, കക്കയം, കരിയാത്തൻപാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന പ്രധാന റോഡായതിനാൽ ദിനംപ്രതി നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്.
പോക്കറ്റ് റോഡുകളിലേക്കുള്ള ഗ്രില്ലുകൾ സ്ഥലത്തെത്തിച്ചിട്ടുണ്ടെങ്കിലും റോഡ് നിർമാണം ഏറ്റെടുത്ത കരാർ കമ്പനി ഇതുവരെ അവ സ്ഥാപിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു. അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി സംരക്ഷണ വേലികളും ബാക്കി നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post