താമരശ്ശേരി : സ്കൂളിലേക്കും കോളേജിലേക്കും പോകുന്ന വഴിയിൽ പാർക്ക് ചെയ്ത വാഹനങ്ങളുടെ സൈഡ് മിറർ തിരിച്ച് മുടിയും മുഖവും നോക്കുന്നത് ചില വിദ്യാർഥികളുടെ പതിവ് കുസൃതിയായിരുന്നു. ഇതുമൂലം വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും നിരന്തരം ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു.
പ്രശ്നത്തിന് വഴക്കോ തർക്കമോ അല്ല, വ്യത്യസ്തമായ ഒരു പരിഹാരമാണ് താമരശ്ശേരി - കൊരങ്ങാട് ഉള്ള ഡ്രൈവർമാർ കണ്ടെത്തിയത്. വിദ്യാർഥികൾ പതിവായി എത്തുന്ന റോഡരികിൽ ഒരു വലിയ കണ്ണാടി സ്ഥാപിച്ചാണ് അവർ സന്ദേശം നൽകിയത്.
"ഇനി മുതൽ വണ്ടിയുടെ കണ്ണാടി തിരിക്കണ്ട... ഇതിൽ നോക്കി സുന്ദരന്മാരും സുന്ദരികളുമാകാം" എന്ന രസകരമായ കുറിപ്പോടെയാണ് കണ്ണാടി സ്ഥാപിച്ചിരിക്കുന്നത്.
വാഹനങ്ങളുടെ സൈഡ് മിറർ തിരിച്ച് നശിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കാനും വിദ്യാർഥികൾക്ക് സൗകര്യം ഒരുക്കാനും ലക്ഷ്യമിട്ടുള്ള ഈ സർഗാത്മക ഇടപെടൽ നാട്ടുകാരുടെ പ്രശംസ നേടി. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച് വൈറലായിരിക്കുകയാണ്.