താമരശ്ശേരി : ചമൽ ഗ്രാമത്തെ ഭീതിയിലാഴ്ത്തുന്ന വാറ്റുചാരായം, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി മാഫിയകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുന്നതിനായി ചമൽ ജി.എൽ.പി. സ്കൂളിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. പ്രദേശത്ത് ലഹരിയുടെയും വ്യാജവാറ്റിന്റെയും വ്യാപനം തടയാൻ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേരുകയും ജനകീയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു
വാർഡ് മെമ്പർ കെ.സി. ലെനിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ താമരശ്ശേരി പൊലീസ് അഡീഷണൽ എസ്.ഐ ബിൻസ് ജോസഫ്, എക്സൈസ് ഇൻസ്പെക്ടർമാരായ ആർ. സന്തോഷ്, വിപിൻ ഇ.പി. എന്നിവർ പങ്കെടുത്തു. ലഹരി മാഫിയകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും, അവയെ ചെറുക്കാൻ പൊതുജനങ്ങൾ സ്വീകരിക്കേണ്ട ജാഗ്രതാ നടപടികളെക്കുറിച്ചും അവർ വിശദീകരിച്ചു. സംശയാസ്പദമായ ലഹരി-വ്യാജവാറ്റ് പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.
യോഗത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിവിധ സർക്കാർ വകുപ്പുകളുമായും നാട്ടുകാരുമായും സഹകരിച്ച് പ്രവർത്തിക്കുന്നതിനുമായി ജനകീയ കമ്മിറ്റി രൂപീകരിച്ചു. ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റിനിർത്തുക, ലഹരി വിൽപ്പനയും വ്യാജവാറ്റും സംബന്ധിച്ച വിവരങ്ങൾ അധികൃതർക്ക് കൈമാറുക തുടങ്ങിയ കാര്യങ്ങളിൽ കമ്മിറ്റി സജീവമായി ഇടപെടാനും തീരുമാനിച്ചു.
യോഗത്തിൽ വാർഡ് മെമ്പർമ്മാരായ സൗമ്യ പ്രജീഷ്, ശ്രീജില ശ്രീജിത്ത് സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ പ്രവർത്തകരായ കെ.വി. സെബാസ്റ്റ്യൻ, അനിൽ കാരപ്പറ്റ, സലാം മണക്കടവൻ, ബാലൻ ബെറ്റർ, ബേബി, കോയ ചുണ്ടൻകുഴി, നാസർ, ഹാസിഫ്, ഷാജി, ഹരിഹരൻ, അനന്തൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങളും നിർദേശങ്ങളും അവതരിപ്പിച്ചു.
ലഹരിമുക്ത സമൂഹം സൃഷ്ടിക്കാൻ പൊതുജനങ്ങളും സർക്കാർ വകുപ്പുകളും കൈകോർത്ത് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും, ഇത്തരം ജനകീയ കൂട്ടായ്മകൾ തുടർന്നും സംഘടിപ്പിച്ച് പ്രവർത്തനങ്ങൾ വിലയിരുത്താനും ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
എൻ.പി. കുഞ്ഞാലിക്കുട്ടി സ്വാഗതവും വി.ജെ. ഇമ്മാനുവൽ നന്ദിയും രേഖപ്പെടുത്തി