പുതുപ്പാടി: പുതുപ്പാടി കെ.എസ്.ഇ.ബി പരിധിയിലെ വിവിധ പ്രദേശങ്ങളിൽ വൈകിട്ട് ആറ് മണിയോടെ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ ജനങ്ങൾ ദുരിതത്തിൽ. വൈകുന്നേര സമയത്തെ വൈദ്യുതി മുടക്കം വീടുകളിലെ ദൈനംദിന പ്രവർത്തനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കും തടസ്സമാകുന്നതായി നാട്ടുകാർ പറയുന്നു.
വൈദ്യുതി മുടങ്ങുന്നതോടെ കുട്ടികളുടെ പഠനവും ഏറെ ബാധിക്കുകയാണ്. പരീക്ഷകളും മറ്റും അടുത്തിരിക്കുന്ന സമയത്ത് വൈകുന്നേരങ്ങളിൽ വൈദ്യുതി ഇല്ലാതാകുന്നത് പഠനത്തിന് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി മുടങ്ങുന്നതിന് മുമ്പ് യാതൊരു മുന്നറിയിപ്പും ലഭിക്കാത്തതാണ് പ്രധാന പരാതി. വൈദ്യുതി എപ്പോൾ നിലയ്ക്കുമെന്നോ എപ്പോൾ പുനഃസ്ഥാപിക്കുമെന്നോ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കാത്തതിനാൽ ഉപഭോക്താക്കൾ ബുദ്ധിമുട്ടുകയാണ്.
മലയോര മേഖലയായതിനാൽ രാത്രികാലങ്ങളിൽ ചില പ്രദേശങ്ങളിൽ ആന, പുലി, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം സംബന്ധിച്ച ആശങ്കയും നിലനിൽക്കുന്നുണ്ട്. വൈദ്യുതി മുടങ്ങുന്നതോടെ വീടുകളുടെയും പരിസരങ്ങളുടെയും സുരക്ഷാ വെളിച്ചവും ഇല്ലാതാകുന്നത് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
വൈദ്യുതി മുടക്കം ഒഴിവാക്കുന്നതിനും സാങ്കേതിക തകരാറുകൾ ഉണ്ടായാൽ എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനും കെ.എസ്.ഇ.ബി അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അനിവാര്യമായ വൈദ്യുതി മുടക്കങ്ങൾ സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.