തിരുവമ്പാടി: തിരുവമ്പാടിയിൽ വൻ കഞ്ചാവ് വേട്ട. 5.965 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി ബുദ്ധീശ്വർ സർദാറിനെയാണ് അറസ്റ്റ് ചെയ്തത്.
താമരശ്ശേരി എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ R. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘവും കോഴിക്കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
തിരുവമ്പാടി ടൗണിൽ നിന്ന് കൂടരഞ്ഞി റോഡിലേക്കുള്ള രാജീവ് ഗാന്ധി ബൈപ്പാസ് റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതി കഞ്ചാവുമായി പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 5.965 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. സംഭവത്തിൽ കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഗിരീഷ് കെ., സിവിൽ എക്‌സൈസ് ഓഫീസർമാരായ റനീഷ്, നൗഷീർ, ഷഫീഖലി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുജല, ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.
കോഴിക്കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ഷാജു. സി.പി., അജിത്ത്, അഷിൽദ്, പ്രശാന്ത്, ജിത്തു എന്നിവരും പരിശോധനയിൽ പങ്കാളികളായിരുന്നു. തിരുവമ്പാടി മേഖലയിലേക്ക് ലഹരി വസ്തുക്കളുടെ കടത്ത് തടയുന്നതിനായി പരിശോധനകൾ ശക്തമാക്കിയതായി എക്‌സൈസ് അധികൃതർ അറിയിച്ചു.