Trending

കാട്ടുപന്നി ശല്യം രൂക്ഷം; നടപടി ശക്തമാക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ


കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അമ്പായത്തോട് മിച്ചഭൂമിയിൽ താമസിക്കുന്ന ഒരു കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ രാത്രിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽപ്പെട്ട സംഭവത്തിൽ കുടുംബാംഗങ്ങൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ആളുകൾക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നും ജനങ്ങൾ വലിയ ആശങ്കയിലാണ് കഴിയുന്നതെന്നും കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ അറിയിച്ചു.
രണ്ട് വർഷങ്ങൾക്ക് മുൻപ് കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൽ പകൽ സമയത്ത് കാട് ഇളക്കി വെടിവെച്ച് കാട്ടുപന്നികളെ നശിപ്പിച്ചിരുന്നുവെന്നും, സമീപ ഗ്രാമ പഞ്ചായത്തുകളിൽ വേട്ടനായ്ക്കളെയും ഷൂട്ടർമാരെയും ഉപയോഗിച്ച് സമാന രീതിയിൽ കാട്ടുപന്നികളെ നിയന്ത്രിക്കുന്ന നടപടികൾ തുടരുകയാണെന്നും കൂട്ടായ്മ ചൂണ്ടിക്കാട്ടി. അതുപോലെ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലും കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
വെടിവെച്ച് കൊല്ലുന്ന കാട്ടുപന്നികളെ ഗ്രാമ പഞ്ചായത്ത് ഭരണസമിതി പൊതുലേലം ചെയ്ത് ലഭിക്കുന്ന തുക കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റവർക്കും കാർഷിക വിളകൾ നശിച്ച കർഷകർക്കും വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post