Trending

വയനാട് കള്ളാടി ദുരന്തത്തിന്കാരണക്കാരായ എൽ ഡി.എഫും യു.ഡി.എഫ് സർക്കാരും മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നല്കണം - ബി.ജെ.പി.



             തുരങ്കപ്പാതയുടെ നിർമ്മാണ പ്രദേശത്ത് അഞ്ച് പേർ മരണപ്പെടുകയും ഏഴോളം പേരെ കാണാതാവുകയും നിരവധി പേർക്ക് പരിക്കേല്ക്കുകയും ചെയ്ത വയനാട് കള്ളാടി ദുരന്തത്തിന് ഇടയാക്കിയത് യാതൊരു ശാസ്‌ത്രീയ പഠനമോ മുൻകരുതലോ ഇല്ലാതെ വോട്ടും സാമ്പത്തിക വെട്ടിപ്പും മാത്രം ലക്ഷ്യംവച്ച് പ്രവർത്തിച്ച പിണറായി സർക്കാറും യാതൊരു ദീർഘവീക്ഷമില്ലാത്ത നിരുത്തരവാദത്തോടെ പ്രവർത്തിക്കുന്ന യു.ഡി.എഫ് സർക്കാരും ആണെന്ന് ബി.ജെ.പി തിരുവമ്പാടി മണ്ഡലം കമ്മറ്റി ആരോപിച്ചു.
              ദൂരന്തത്തിൽ പെട്ട മുഴുവൻ കുടുബങ്ങളുടെയും ദു:ഖത്തിൽ പങ്കു ചേരുന്നുതോടൊപ്പം ഇവർക്കുണ്ടായ നഷ്‌ടത്തിന് എത്രയും വേഗം പരിഹാരം അതിനുത്തരവാദികളായവർ ചെയ്യണമെന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
             തുരങ്കപ്പാതയുടെ നിർമ്മാണത്തിൻ്റെ ആദ്യഘട്ടത്തിൽ ഇത്രയധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമൊരുക്കിയവർ പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.
വയനാട് പോലുള്ള അതീവ പരിസ്തിതി ലോല പ്രദേശത്ത്, ഗാഡ്ഗിൽ റിപ്പോർട്ടിൽ തന്നെ പരാമർശിച്ചിട്ടുള്ള പശ്ചിമഘട്ട മേഖലയിൽ ശാസ്ത്രീയമായ ഒരു പഠനവും നടത്താതെ വികസനത്തിൻ്റെ പേരിൽ ഒരു തട്ടിക്കുട്ട് പദ്ധതി അടിച്ചേൽപ്പിച്ച പിണറായിയും സംഘവും
ഇന്ന് മുതലക്കണ്ണീരൊഴുക്കുമ്പോൾ മണ്ണ് മാറ്റാൻ കലക്ടർ നേരത്തേ ഉത്തരവിറക്കിയിട്ടും കരാറുകാർ അനുസരിച്ചില്ല എന്ന നിരുത്തരവാദ സമീപനമാണ് യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നത്.
            ഇനിയും കൂടുതൽ വലിയ ദുരന്തങ്ങളും മരണങ്ങളും സംഭവിക്കാതിരിക്കാൻ നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന വയനാട് തുരങ്ക പാതയുടെ കരാറുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ഉദ്യോഗസ്ഥരുടെ മേൽ ചാരി രക്ഷപ്പെടാൻ ശ്രമിക്കാതെ ദീർഘവീക്ഷണത്തോടെയും ഉത്തരവാദിത്ത്വത്തോടെയും യു.ഡി.എഫ് സർക്കാർ പ്രവർത്തിച്ചേ മതിയാകൂയെന്നും യോഗം ആവശ്യപ്പെട്ടു.
             ബി.ജെ.പി തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ടി.എ.സെബാസ്റ്റ്യൻ മാസ്റ്ററുടെ അദ്ധ്വക്ഷതയിൽ ഈങ്ങാപ്പുഴയിൽ ചേർന്ന യോഗം ജില്ല സിക്രട്ടറി രാജേന്ദ്രൻ കുളങ്ങര ഉദ്ഘാടനം ചെയ്തു. മണ്ഡലം ജന.സിക്രട്ടറിമാരായ പ്രജീഷ് പൂക്കാട്ട് സ്വാഗതവും ടി.പി. അനന്തനാരായണൻ നന്ദിയും പറഞ്ഞ പരിപാടിയിൽ ന്യൂനപക്ഷ മോർച്ച റൂറൽ ജില്ല പ്രസിഡണ്ട് ജോണി കുമ്പുളുങ്കൽ, ജോസ് പ്രകാശ് വാമറ്റത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Post a Comment

Previous Post Next Post